16 August Monday
വിമർശം തുടർന്നാൽ പട്ടികയിലെ നിർദേശിച്ച 
പേരുകൾകൂടി വെട്ടും

ഡിസിസി പ്രസിഡന്റ്‌ പട്ടിക : ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും തള്ളി ഹെെക്കമാൻഡ്

പ്രത്യേക ലേഖകൻUpdated: Monday Aug 16, 2021



തിരുവനന്തപുരം
ഡിസിസി പ്രസിഡന്റ്‌ പട്ടികയ്‌ക്കെതിരെ ഉമ്മൻചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പരാതി തള്ളി മുന്നോട്ടുപോകാൻ ഹൈക്കമാൻഡ്‌. ഇവരുൾപ്പെടെ ഇടഞ്ഞുനിൽക്കുന്ന ആരുമായും കൂടിയാലോചന പാടില്ലെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും നിലപാടിനാണ്‌ ഹൈക്കമാൻഡിൽ മേൽക്കൈ. എ, ഐ ഗ്രൂപ്പുകളും മുതിർന്ന നേതാക്കളും വിമർശം തുടർന്നാൽ പട്ടികയിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും നിർദേശിച്ച പേരുകൾകൂടി വെട്ടാനാണ്‌ ആലോചന.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചു. സുധാകരനും  സതീശനും തെറ്റിദ്ധരിപ്പിച്ചെന്ന പരാതി താരിഖ്‌ അൻവർ ചെവിക്കൊണ്ടില്ലെന്നാണ്‌ വിവരം. രാഹുൽ ഗാന്ധിക്ക്‌ നൽകിയ സാധ്യതാ പട്ടിക സംബന്ധിച്ച്‌ വീണ്ടും ചർച്ച വേണ്ട എന്ന ഹൈക്കമാൻഡ്‌ നിർദേശം താരിഖ്‌ അൻവർ ഇരുവരെയും അറിയിച്ചു.

പട്ടിക തയ്യാറാക്കുംമുമ്പ്‌ ആശയവിനിമയം നടത്തിയില്ലെന്ന്‌ പ്രതികരിച്ച മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ഫോണിൽ വിളിക്കാൻപോലും ഹൈക്കമാൻഡ്‌ തയ്യാറല്ല. ഡിസിസി പട്ടികയെ ചൊല്ലി ആർക്കെങ്കിലും അതൃപ്‌തിയുള്ളതായി അറിയില്ലെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞത്‌. ഹൈക്കമാൻഡിന്റെ പൂർണപിന്തുണയുണ്ടെന്ന സൂചനയാണ്‌ കെ സുധാകരനും വി ഡി സതീശനും നൽകിയത്‌.

ഉമ്മൻചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും മൂലയ്‌ക്കിരുത്തി മുന്നോട്ടുപോകാനുള്ള ഉറച്ച തീരുമാനത്തിലാണ്‌ കെപിസിസി നേതൃത്വം. മൂന്ന്‌ വർക്കിങ്‌ പ്രസിഡന്റുമാരും പ്രചാരണ സമിതി അധ്യക്ഷനായ കെ മുരളീധരനും കെ സുധാകരനും വി ഡി സതീശനും ഒപ്പമാണ്‌. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പുറത്തുവരും. അതിനിടെ മുതിർന്ന നേതാക്കൾ പരാതിയിൽ ഉറച്ചുനിന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top