കാസർകോട്
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ഒന്നും രണ്ടും പ്രതികളും മുസ്ലീംലീഗ് നേതാക്കളുമായ ടി കെ പൂക്കോയ തങ്ങളെയും എം സി ഖമറുദ്ദീനെയും ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ജ്വല്ലറി ചെയർമാനാണ് മഞ്ചേശ്വരം മുൻ എംഎൽഎ എം സി ഖമറുദ്ദീൻ. പൂക്കോയ തങ്ങൾ എംഡിയും. ജ്വല്ലറിയിലെ സാമ്പത്തിക ഇടപാട് മുഴുവൻ നടത്തിയത് പൂക്കോയ തങ്ങളാണെന്നും തിരിമറിയിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു അറസ്‌റ്റിലായപ്പോൾ ഖമറുദ്ദീന്റെ മൊഴി. നിക്ഷേപം തിരിച്ചുനൽകാൻ ഖമറുദ്ദീൻ തടസ്സം നിന്നെന്നാണ് പൂക്കോയ തങ്ങളുടെ മൊഴി. മൊഴികളിലെ വൈരുധ്യമാണ് ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ കാരണം.
പൂക്കോയ തങ്ങളുടെ ജാമ്യാപേക്ഷ ഹൊസ്ദുർഗ് മജിസ്‌ട്രേട്ട് കോടതി തിങ്കളാഴ്‌ച തള്ളി. ചന്തേര പൊലീസ് രജിസ്റ്റർചെയ്ത 100 കേസിലാണ് റിമാൻഡുചെയ്തത്. നാല് ദിവസത്തെ ചോദ്യംചെയ്യലിനുശേഷം ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും. പയ്യന്നൂരിലടക്കം കേസുള്ളതിനാൽ കണ്ണൂർ ക്രൈംബ്രാഞ്ചും കസ്‌റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും തെളിവെടുത്തു. ജ്വല്ലറി ഡയറക്ടർമാരെയും ചോദ്യംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..