16 August Monday

'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' : കോവിഡിനിടെ ഇതുവരെ വന്നത് 94.59 ലക്ഷം ഫോണ്‍ വിളികള്‍

സ്വന്തം ലേഖികUpdated: Monday Aug 16, 2021

കോഴിക്കോട് > കോവിഡ് കാലത്തിനിടെ വിവിധ  മാനസിക--സാമൂഹിക ബുദ്ധിമുട്ടുകള്‍ മൂലം ആരോഗ്യ വകുപ്പിന്റെ   പിന്തുണ തേടിയവര്‍ ഒരു കോടിയോടടുക്കുന്നു.  'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന പദ്ധതി വഴി ഇതിനകം 94,59,297 ഫോണ്‍ കോളുകളിലൂടെ വിദഗ്ധ സംഘം ഇവര്‍ക്ക്  ആശ്വാസം നല്‍കി.

കോവിഡ് ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദത്തിന്റെ തീവ്രത കുറയ്ക്കാന്‍ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം ആരോഗ്യ വകുപ്പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്  തുടങ്ങിയത്.   ഓരോ ജില്ലയിലെയും മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.  കോവിഡ് ബാധിച്ചവര്‍ക്കു പുറമെ മാനസികരോഗമുള്ളവര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍, വയോജനങ്ങള്‍ തുടങ്ങി പിന്തുണ ആവശ്യമുള്ളവരെയും പദ്ധതി വഴി  ബന്ധപ്പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകളെ വിളിച്ചത് എറണാകുളം ജില്ലയിലാണ്. 3,19,154 പേരെ. വിഷമങ്ങളറിയിച്ച് ഇങ്ങോട്ട് വിളിച്ചവരില്‍ ഏറെയും തിരുവനന്തപുരം ജില്ലയിലാണ്. 6267 ഫോണ്‍ വിളി.

ആളുകള്‍ കൂടുതലും  മാനസിക സമ്മര്‍ദമാണ് നേരിടുന്നത്. 34.41 ശതമാനം വിളികളും ഈ വിഭാഗത്തിലാണ്. 20 ശതമാനത്തിനും ഉത്കണ്ഠയാണ്.  ഉറക്കമില്ലാത്ത പ്രശ്നവുമായി  16 ശതമാനവും സാമൂഹിക ഒറ്റപ്പെടുത്തല്‍ നേരിടുന്നതായി ഏഴു ശതമാനവും പരാതിപ്പെടുന്നു.  ഇത്തരം ആളുകളെ തുടര്‍ച്ചയായി അങ്ങോട്ടു വിളിച്ച് പിന്തുണ ഉറപ്പാക്കുന്നുണ്ട്.
  
  സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരെല്ലാം  ടീമിന്റെ ഭാഗമാണ്. ഏകദേശം 1400 പേര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.  
  എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാം. ഇതിനു പുറമെ സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും സേവനം ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top