തൃശൂര്‍> പറന്നുവന്ന മയില്‍ ദേഹത്തിടിച്ച് യുവാവ് മരിച്ചു. യുവദമ്പതികള്‍ സഞ്ചരിച്ച ബൈക്കാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഭാര്യക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടേക്കാലോടെ അയ്യന്തോള്‍ -പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലായിരുന്നു അപകടം.
പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോഷ് (34) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ വീണയെ(26) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോഷ്. നാല് മാസം മുമ്പായിരുന്നു വിവാഹം. ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോഷിന്റെ നെഞ്ചിലിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോവുകയായിരുന്നു. ധനേഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രമീളയാണ് പ്രമോഷിന്റെ അമ്മ. സഹോദരങ്ങള്‍: ശരണ്‍, പ്രസീത. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..