മുഹമ്മ (ആലപ്പുഴ)
കാർത്തികപ്പള്ളി ചേപ്പാട് സമര നായിക മുഹമ്മ ചീരപ്പൻചിറ സി കെ സരോജിനി (96) അന്തരിച്ചു. ചേപ്പാട് സമര നായകൻ മുട്ടം തോപ്പിൽ പരേതനായ വി എസ് ഗോപാലനാണ് ഭർത്താവ്. സിപിഐ എം നേതാവും മന്ത്രിയുമായിരുന്ന പരേതയായ സുശീലാ ഗോപാലന്റെ ജ്യേഷ്‌ഠസഹോദരിയാണ്. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ജി വേണുഗോപാൽ മകനാണ്.
കൊയ്‌ത്തിന് കൂലി ആവശ്യപ്പെട്ട് 1953–-54 കാലത്ത് ചേപ്പാട് ആലപ്പുറത്ത് കമ്യൂണിസ്‌റ്റ് പാർടി നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ നടത്തിയ സമരത്തിന് നേതൃത്വം നൽകി. സമരത്തെ പൊലീസ് നിഷ്‌ഠൂരമായാണ് നേരിട്ടത്. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് സമരം അവസാനിപ്പിച്ചത്. അവിഭക്ത കമ്യൂണിസ്‌റ്റ് പാർടി ചേപ്പാട് ലോക്കൽ സെക്രട്ടറിയായിരുന്നു വി എസ് ഗോപാലൻ. സമരകാലത്ത് അവിഭക്ത കമ്യൂണിസ്‌റ്റ് പാർടി കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയംഗമായിരുന്നു സി കെ സരോജിനി. മഹിളാ സംഘടനയുടെ താലൂക്ക് പ്രസിഡന്റായും പ്രവർത്തിച്ചു.
മറ്റു മക്കൾ: ശ്യാമ കനകചന്ദ്രൻ (റിട്ട. ഉദ്യോഗസ്ഥ സിൻഡിക്കേറ്റ് ബാങ്ക്), ഷീല മണി, ജി സാനു, മിനി ഗോപൻ (റിട്ട. ഉദ്യോഗസ്ഥ എസ്ബിഐ). മരുമക്കൾ: കെ കനകചന്ദ്രൻ (റിട്ട.ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ജഡ്‌ജി), കെ എസ് പ്രീത (റിട്ട. അധ്യാപിക, എ ബി വി എച്ച്എസ്എസ്, മുഹമ്മ), സി കെ മണി ചീരപ്പൻചിറ (റിട്ട. എൻജിനീയർ, ഇന്ത്യൻ കസ്‌റ്റംസ്), എസ് പ്രീതി (റിട്ട. അധ്യാപിക, കെപിഎംയുപിഎസ്, മുഹമ്മ), പി കെ ശശിധരൻ (ജനറൽ മാനേജർ, മസ് ഗോൺഡോക്ക്, മുംബൈ). മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു. ദേശാഭിമാനിക്കുവേണ്ടി ആലപ്പുഴ ബ്യൂറോ ചീഫ് ലെനി ജോസഫ് റീത്ത് വച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..