14 August Saturday

ഇംഗ്ലണ്ട് പൊരുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 14, 2021

photo credit bcci twitter

ലോർഡ്സ്
ജയിംസ് ആൻഡേഴ്സന്റെ കണിശതയുള്ള പന്തുകൾക്കുമുന്നിൽ ഒരിക്കൽക്കൂടി ഇന്ത്യ പതറി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 364 റണ്ണിന് ഒന്നാം ഇന്നിങ്സിൽ പുറത്തായി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് മൂന്നിന് 119 റണ്ണെന്ന നിലയിലാണ്. 48 റണ്ണുമായി ക്യാപ്റ്റൻ ജോ റൂട്ട് ക്രീസിലുണ്ട്. ആറു റണ്ണുമായി ജോണി ബെയർസ്റ്റോയാണ് കൂട്ട്. 245 റൺ പിന്നിലാണ് ഇംഗ്ലണ്ട്.  

രണ്ടാംദിനം മൂന്നിന് 276 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 88 റൺ ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി. ആൻഡേഴ്സൺ അഞ്ച് വിക്കറ്റ് നേടി. രണ്ടാം ദിനം മികച്ച സ്കോറായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. സെഞ്ചുറിയുമായി ക്രീസിലുണ്ടായ ലോകേഷ് രാഹുലിലായിരുന്നു (129) പ്രതീക്ഷ. എന്നാൽ രണ്ടാംപന്തിൽത്തന്നെ രാഹുൽ മടങ്ങി. അടുത്ത ഓവറിൽ അജിൻക്യ രഹാനെയും (1) പുറത്തായി.

ഋഷഭ് പന്തും (37) രവീന്ദ്ര ജഡേജയും (40) സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും മാർക് വുഡ് ഇരുവരെയും വീഴ്‌ത്തി. വാലറ്റത്തെ ആൻഡേഴ്സൺ എറിഞ്ഞിട്ടു. ഇംഗ്ലണ്ടിന് ഡോം സിബ്--ലിയെയും (11) ഹസീബ് ഹമീദിനെയും (0) റോറി ബേൺസിനെയും (49) ആണ് നഷ്ടമായത്. സിബ്-ലിയെയും ഹസീബിനെയും മുഹമ്മദ് സിറാജാണ് മടക്കിയത്. ബേൺസിനെ മുഹമ്മദ് ഷമി കുരുക്കി.  തുടക്കത്തിൽ പരിഭ്രമിച്ചുകളിച്ച ബേൺസും റൂട്ടും കളി പുരോഗമിക്കവെ താളം കണ്ടെത്തി. ബേൺസ്–റൂട്ട് സഖ്യം 85 റണ്ണടിച്ചു. ബേൺസിനെ മടക്കി ഷമി ഈ സഖ്യം പിരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top