13 August Friday
മെസിയുടെ 30ാം നമ്പർ ജേഴ്സിക്കായി ആരാധകരുടെ നെട്ടോട്ടം

ട്രെൻഡിങ്ങായി ‘മെസി 30’

പ്രത്യേക ലേഖകൻUpdated: Friday Aug 13, 2021

മെസി പിഎസ്‌ജി ജേഴ്‌സിയിൽ. അർജന്റീനയുടെയും ബാഴ്‌സലോണയുടെ പത്താം നമ്പർ ജേഴ്‌സിയിലുള്ള മെസിയാണ്‌ ഒപ്പം.


കണ്ണൂർ> പ്രായം ആറേ ആയുള്ളൂവെങ്കിലും   ചാവശേരി കായലൂരിലെ സൂര്യതേജിന്‌ കാൽപ്പന്തുകളിയോളം ഹരമാണ് ലയണൽ മെസി എന്ന സൂപ്പര്‍ ഹീറോ. ബാർസലോണയുടെ പത്താംനമ്പർ ജേഴ്‌സിയും അർജന്റീനിയൻ ജേഴ്‌സിയും ഏറെയുണ്ടെങ്കിലും അവൻ ഇന്നലെമുതൽ കടുംനീലക്കളറുള്ള പിഎസ്‌ജിയുടെ 30ാം നമ്പർ ജേഴ്‌സിതന്നെ വേണം. കടകൾ പലതും കയറിയെങ്കിലും  എവിടെയും കിട്ടിയില്ല.

സ്‌പോർട്‌സ്‌ കടകളിലും, ടെക്‌സ്‌റ്റൈൽ ഷോപ്പുകളിലും  വ്യാഴാഴ്‌ച  ഫോൺകോളുകൾ നിരവധിയെത്തി മെസിയുടെ പുതിയ ജേഴ്‌സി എത്തിയോ എന്നന്വേഷിച്ച്‌. കുട്ടികളും യുവാക്കളും മുതിർന്നവരും  എല്ലാം ജേഴ്‌സിക്കായി ബുക്ക്‌ ചെയ്‌തിട്ടുണ്ടെന്ന്‌ കണ്ണൂർ റെയിൽവേ സ്‌റ്റേഷന്‌ സമീപത്തെ ‘സ്‌പോർട്‌സ്‌  വേൾഡ്‌’ കടയുടമ പി കെ മുസ്‌തഫ പറഞ്ഞു. പാലക്കാട്‌,  തൃശൂർ എന്നിവിടങ്ങളിൽനിന്നാണ്‌ ജേഴ്‌സി എത്താറുള്ളത്‌.


10 വേണ്ട 30 മതി...... അതും കടും നീല
ബാഴ്‌സലോണയുടെ പത്താംനമ്പർ ജേഴ്‌സിക്ക്‌  വിപണിയിലിപ്പോൾ  പ്രിയമില്ലാതായി. എഫ്‌സി   ബാഴ്‌സലോണയിൽനിന്ന്‌ പാരീസിലെ പിഎസ്‌ജിയിലേക്ക്‌ ചേക്കേറിയതിനുശേഷമാണ്‌ മെസി  പത്താം നമ്പർ ജേഴ്‌സി ഉപേക്ഷിച്ചത്‌. പിഎസ്‌ജിയിൽ നെയ്‌മറാണ്‌  പത്താംനമ്പറിന്റെ ഉടമ. നെയ്‌മർ നമ്പർ  കൈമാറാൻ സമ്മതിച്ചെങ്കിലും മെസി നിരസിച്ചു. അർജന്റീനയുടെ നായകനായപ്പോഴും  ഭാഗ്യനമ്പർ  പത്തായിരുന്നു  മെസി  തെരഞ്ഞെടുത്തത്‌.

ടീമിലെ ഏറ്റവും മികച്ച  കളിക്കാരാണ്‌ പതിവായി   പത്താംനമ്പറിൽ കളത്തിലിറങ്ങിയിരുന്നത്‌. ബാഴ്‌സയിൽ തുടക്കത്തിൽ മെസിക്ക്‌ 30ാം നമ്പറായിരുന്നു. പിന്നീട്‌ 19ാം നമ്പർ സ്വീകരിച്ചു. റൊണാൾഡീന്യോ ബാഴ്‌സ വിട്ടതോടെയാണ്‌ മെസി പത്തിൽ സ്ഥിരമായത്‌.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top