13 August Friday

ഗോവധം നടത്തിയെന്നാരോപിച്ച് തടങ്കല്‍; മുഴുവന്‍ പേരെയും വെറുതെ വിട്ട് അലഹബാദ് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

ലക്‌നൗ> ഗോവധം നടത്തിയെന്നാരോപിച്ച് തടവില്‍ കഴിയുന്ന മൂന്ന് പേരുടെ തടങ്കല്‍ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു മൂന്ന് പേരെ യു പി പൊലീസ് തടവിലാക്കിയിരുന്നത്.  ഈ കേസ് റദ്ദ് ചെയ്തുകൊണ്ടാണ്  ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് സരോജ് യാദവും ചേര്‍ന്ന ബെഞ്ച് വിധി പറഞ്ഞത്.

 പരാതിക്കാരുടെ കുടുംബം നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കിയത്.കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗോവധം നടത്തിയെന്നാരോപിച്ച് ഇര്‍ഫാന്‍, റഹ്‌മത്തുള്ള, പര്‍വേസ് എന്നിവരെ ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നത്. ഇവര്‍ ആഗസ്റ്റ് 14 മുതല്‍ സീതാപൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ് വരികയായിരുന്നു. ഗോവധ നിരോധന നിയമ പ്രകാരമുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വക്കറ്റ് ഇവര്‍ ചെയ്തത് വളരെ വലിയ കുറ്റമാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ഇവരെ തടവില്‍ തന്നെ പാര്‍പ്പിക്കണമെന്നും വാദിച്ചു.

എന്നാല്‍ അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വക്കറ്റിന്റെ വാദം തള്ളിയ കോടതി മൂവരുടേയും തടങ്കല്‍ റദ്ദാക്കുകയായിരുന്നു.ഒരാളുടെ വീടിന്റെ സ്വകാര്യതയില്‍ വെച്ച് കശാപ്പ് നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമാവില്ല എന്ന് കോടതി നിരീക്ഷിച്ചു. ഒരാള്‍ പുലര്‍ച്ചെ വീട്ടില്‍ വെച്ച് പശുവിനെ കശാപ്പ് ചെയ്യുന്നത് വിശപ്പോ തൊഴിലില്ലായ്മയോ പട്ടിണിയോ ഒക്കെ കാരണമാവാം.  അവയെ ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായി കണക്കാക്കാന്‍ സാധിക്കില്ല.

എന്നാല്‍ കുറേയേറെ കന്നുകാലികളെ ഒരുമിച്ച് കശാപ്പ് ചെയ്ത് മാംസവും രക്തവും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഈ സാഹചര്യത്തോട് ചേര്‍ത്ത് കാണാനാവില്ല. ആ സമയത്ത് ഇതേ നിലപാട് കൈക്കൊള്ളാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top