11 August Wednesday

പള്ളിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോടികള്‍ വെട്ടിച്ചു; കണക്കുകള്‍ പുറത്തുവിട്ട് പള്ളികമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021

ഷിജോ വര്‍ഗീസ് (വൃത്തത്തില്‍)

കൊച്ചി > യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ദേവാലയത്തില്‍ നടത്തിയ കോടികളുടെ വെട്ടിപ്പ് പുറത്ത്. പെരുമ്പാവൂര്‍ രായമംഗലം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഷിജോ വര്‍ഗീസിനെതിരെ പുല്ലുവഴി സെന്റ് തോമസ് പള്ളി കമ്മിറ്റി നോട്ടീസ് പുറത്തിറക്കിയാണ് നേതാവിന്റെ വന്‍തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്.

2019 ജൂലൈ എട്ട് മുതല്‍ 2020 ഡിസംബര്‍ 13 വരെയുള്ള കാലയളവിലെ കൈക്കാരനായിരുന്നു ഷിജോ. ഈ കാലത്ത് ഷിജോ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പരിശോധിക്കാന്‍ 2020 ജനുവരി 24ന് ഇടവക പൊതുയോഗം തെരഞ്ഞെടുത്ത സമിതി ഒരു ചാര്‍ട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് പരിശോധിച്ച് റിപ്പോര്‍ട്ടും തയ്യാറാക്കി. ഈ റിപ്പോര്‍ട്ടാണ് ഇടവക സമിതിയംഗങ്ങള്‍ നോട്ടീസായി പുറത്തിറക്കിയത്.

കണക്കുകള്‍ പ്രകാരം 76,49,421 രൂപയാണ് ഷിജോ വര്‍ഗീസ് തിരിമറി നടത്തിയതെന്ന് നോട്ടീസില്‍ പറയുന്നു. പള്ളി വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിലെ സാധനങ്ങള്‍ ജപ്തി ചെയ്ത വകയില്‍ 27 ലക്ഷം രൂപ വകയിരുത്തിയെന്നും പറയുന്നു. ബാക്കി 47,37,371 രൂപയാണ് പള്ളിക്ക് ലഭിക്കാനുള്ളതെന്നാണ് വിശദീകരണം. എന്നാല്‍ കാണിക്കവഞ്ചിയുടെ കണക്കുകള്‍ കൃത്യമായി കണക്കാക്കാന്‍ ആകില്ലെന്നും അതിലും തിരിമറി നടന്നിട്ടുണ്ടെന്നും വിശ്വാസികള്‍ പറയുന്നു. ഇത് പ്രകാരം രണ്ടുകോടിയോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് വിശ്വാസികളുടെ വാദം. പള്ളികമ്മിറ്റി നല്‍കിയ പരാതിയിന്മേല്‍ 406,420,425,465 ഐപിസി പ്രകാരം കുറുപ്പംപടി പൊലീസ് ഷിജോക്കെതിരെ കേസെടുത്തിട്ടുണ്ട്.

നേരത്തേ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മുതല്‍ അഖിലേന്ത്യ നേതൃത്വം വരെയുള്ള നേതാക്കള്‍ക്ക് പള്ളി കമ്മിറ്റി പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി എടുക്കാതെ തട്ടിപ്പ് നടത്തിയ ആളെ സംരക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നിയമനടപടിയിലേക്ക് നീങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top