New Delhi : കോവിഡ് വാക്‌സിനുകളായ (Covid Vaccine) കോവിഷീൽഡും കോവാക്സിനും (Covaxin) മിശ്രണം ചെയ്‌ത് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പുതിയ പഠനത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ഇന്ത്യയിലെ വാക്‌സിനേഷൻ പ്രോഗ്രാമിന് പ്രധാനമായും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാക്‌സിനുകളാണ് കോവിഷീൽഡും കോവാക്സിനും.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിനാണ് പഠനം നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഇവിടെ തന്നെ തുടർ പരീക്ഷണങ്ങളും നടത്തും. സിഎംസി വെല്ലൂർ (തമിഴ്‌നാട്) നടത്തിയ വാക്‌സിൻ ഡോസുകളുടെ മിശ്രിതത്തെക്കുറിച്ച് നടത്തിയ ഗവേഷണ പഠനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗമായ ഡോ വി കെ പോൾ ചൊവ്വാഴ്ച്ച അറിയിച്ചു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) ഒരു വിദഗ്ദ്ധ സമിതി ജൂലൈ 29 ന് പഠനം നടത്താൻ ശുപാർശ ചെയ്തതിനെ തുടർന്നാണ് പഠനം ആരംഭിച്ചത്. ഈ പഠനം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് കോവിഡ് വാക്സിനുകൾ ഉപയോഗിക്കുന്നത് മികച്ച സുരക്ഷയും രോഗപ്രതിരോധ ശേഷി ഫലങ്ങളും നൽകുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പഠനം വെളുപ്പെടുത്തിയത്.
ഐസിഎംആറിന്റെ പഠനം പ്രകാരം കൊവിഡ് വാക്സിനുകൾ (Covid vaccines) കൂട്ടി കലർത്തുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഒരേ വാക്‌സിന്റെ തന്നെ രണ്ടുഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടര്‍ന്നത്. എന്നാല്‍ വാക്‌സിന്‍ യജ്ഞത്തിനിടെ ഉത്തർപ്രദേശിൽ 18 പേര്‍ക്ക് അബദ്ധത്തിൽ രണ്ട് വാക്സിനുകളുടെയും ഡോസുകൾ ഓരോന്ന് വീതം നൽകി. ഇതേ തുടർന്നാണ് ഐസിഎംആർ പഠനം നടത്തിയത്.
ഡിസിജിഐ വിദഗ്ധ പാനൽ വാക്സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ ചെയ്തിരുന്നു. ഒരു വ്യക്തിക്ക് രണ്ട് വാക്സിനുകളുടെയും ഓരോ ഡോസ് വീതം നൽകാൻ കഴിയുമോ എന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് പഠനം നടത്തുന്നതെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെ വിദഗ്ധ സമിതി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...