11 August Wednesday
മലപ്പുറം മിൽമ പ്ലാന്റില്‍ ഒരു വർഷംകൊണ്ട്‌ പാല്‍പ്പൊടി ഉൽപ്പാദനം

പാൽവില കൂട്ടില്ല; ഉൽപ്പന്നങ്ങൾ കൂട്ടും, കർഷക ക്ഷേമത്തിന്‌ പുതിയ പദ്ധതികൾ : കെ എസ്‌ മണി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021



പാലക്കാട്‌
മിൽമാ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കർഷക ക്ഷേമത്തിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയുമാണ്‌ ആദ്യ പരിഗണനയെന്ന്‌ മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ്‌ മണി പറഞ്ഞു. പാലക്കാട്‌ പ്രസ്‌ ക്ലബ്ബിൽ ‘മീറ്റ്‌ ദ പ്രസിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിൽമ പാലിന്റെ വിലകൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടുതൽ വിപണിയിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതിർത്തിയിലെ പല ക്ഷീര സംഘങ്ങളിലും തമിഴ്‌നാട്ടിൽനിന്ന്‌ പാലെത്തിച്ച്‌ അളക്കുന്നത്‌ തടയാൻ മിൽമയും ക്ഷീര വികസന വകുപ്പും പരിശോധന കർശനമാക്കി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാരിന്‌ കത്ത്‌ നൽകി. സർക്കാരിന്റെ ഓണക്കിറ്റിൽ 50 മില്ലിഗ്രാം നെയ്യ്‌ മിൽമയുടേതാണ്‌. ഇതിനുള്ള 435 ടൺ നെയ്യ്‌ നൽകുന്നത്‌ മിൽമയ്‌ക്ക്‌ വലിയ ആശ്വാസമാകും.  

സംസ്ഥാന സർക്കാർ ക്ഷീര കർഷകർക്ക്‌ വിവിധ ആനുകൂല്യങ്ങളും സഹായവും പ്രഖ്യാപിച്ചതോടെ പാൽ ഉൽപ്പാദനത്തിൽ വൻ വർധനയുണ്ടായി. ഇതോടെ അധിക പാൽ മറ്റ്‌ സംസ്ഥാനങ്ങളിലെത്തിച്ച്‌ പാൽപ്പൊടിയാക്കുകയാണ്‌. 360 രൂപയുടെ പാലിൽ ഒരു കിലോ പാൽപ്പൊടിയുണ്ടാക്കുമ്പോൾ ഇതിന്റെ വിപണിവില 215 രൂപവരെയാണ്‌. ഇത്‌ മിൽമയ്‌ക്ക്‌ വലിയ നഷ്ടമുണ്ടാക്കുന്നു.

പരിഹാരമായി മലപ്പുറത്ത്‌ മിൽമയുടെ പാൽപ്പൊടി പ്ലാന്റ്‌ നിർമിക്കാൻ സംസ്ഥാന സർക്കാർ 65 കോടി രൂപ സഹായം അനുവദിച്ചു. ഒരു വർഷംകൊണ്ട്‌ ഇവിടെ ഉൽപ്പാദനം ആരംഭിക്കാനാകുമെന്നും കെ എസ്‌ മണി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top