Latest NewsIndia

ട്രാക്ടർ കുളത്തിൽ വീണ അപകടസ്ഥലത്തേക്ക് ഓടിയെത്തി, സൈനികന്‍ മുങ്ങിയെടുത്തത് അമ്മയുടെ മൃതദേഹം

അപകടത്തില്‍ മരിച്ച നാലുപേരെ പുറത്തെടുത്തപ്പോള്‍ അതില്‍ കൗശിക്കിന്റെ അമ്മയുമുണ്ടായിരുന്നു.

റായ്പൂര്‍: ട്രാക്ടര്‍ കുളത്തിലേക്ക് പതിച്ചത് അറിഞ്ഞ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികന്‍ കണ്ടത് അമ്മയുടെ ജീവനറ്റ ശരീരം. ഛത്തീസ്ഗഢിലെ ദന്തേവാഡയിലാണ് സംഭവം നടന്നത്. ദന്തേവാഡാ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ അംഗമാണ് 21കാരനായ വസുറാം കൗശിക്. 31പേര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞെന്ന സന്ദേശത്തെ തുടര്‍ന്നാണ് കൗശിക്കും സംഘവും സംഭവ സ്ഥലത്തെത്തിയത്.

മൃതദേഹങ്ങള്‍ ട്രാക്ടറിന് അടിയിലായിരുന്നു ഉണ്ടായിരുന്നത്. ട്രാക്ടര്‍ മാറ്റി പുറത്തെടുക്കവെയാണ് അതിലൊന്ന് തന്റെ അമ്മയാണെന്ന് കൗശിക് ഞെട്ടലോടെ മനസ്സിലാക്കിയത്. അപകടത്തില്‍ മരിച്ച നാലുപേരെ പുറത്തെടുത്തപ്പോള്‍ അതില്‍ കൗശിക്കിന്റെ അമ്മയുമുണ്ടായിരുന്നു.

‘പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് അപകടം നടന്നതായി ജവാന്‍മാര്‍ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍തന്നെ ഇവിടേക്ക് എത്തി. അമ്മയുടെ മൃതദേഹം കണ്ട ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമം കൗശിക് തുടര്‍ന്നു. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളും മറ്റും ഏറ്റെടുക്കുന്ന ഡിആര്‍ജിയുടെ പ്രത്യേകതയാണ് ഇത്തരത്തിലുള്ള ധൈര്യശാലികളായ ജവാന്‍മാര്‍’- ദന്തേവാഡ എസ്പി അഭിഷേക് പല്ലവ പറഞ്ഞു.

സംഭവമറിഞ്ഞ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കൗശിക്കുമായി ടെലഫോണില്‍ സംസാരിച്ചു. ‘ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ അമ്മയെ കണ്ടത്. രാജ്യത്തിന് വേണ്ടി സേവനം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കിയത് അമ്മയാണ്. എന്റെ അമ്മയെ നോക്കുന്നത് പോലെതന്നെയാണ് രാജ്യത്തെയും സേവിക്കുന്നത്’-കൗശിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button