തൃശൂർ> നിയമസഭാ തെരഞ്ഞടുപ്പിൽ ബിജെപി ഇറക്കിയ മൂന്നരക്കോടി കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിൽ പണത്തിന്റെ ഉറവിടം കാണിക്കാൻ ധർമരാജനായില്ല. പൊലീസ് പ്രതികളിൽനിന്ന് കണ്ടെടുത്ത പണം തന്റേതാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് ഹവാല ഏജന്റ് ധർമരാജൻ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി നൽകി രണ്ടുമാസം പിന്നിട്ടിട്ടും പണത്തിന്റെ രേഖകൾ ഹാജരാക്കാനായില്ല.
കഴിഞ്ഞ ജൂൺ എട്ടിനാണ് ഹർജി നൽകിയത്. ഇതിനെ എതിർത്ത് അന്വേഷകസംഘം നൽകിയ റിപ്പോർട്ടിൽ പണം ബിജെപിയുടേതാണെന്നും ധർമരാജൻ ഏജന്റ് മാത്രമാണെന്നും പറഞ്ഞിരുന്നു. പിന്നീട് പല തവണയായി കേസ് വിളിച്ചപ്പോഴും പണത്തിന്റെ രേഖകൾ ധർമരാജന് ഹാജരാക്കാനായില്ല. വെട്ടിലായതോടെ ബുധനാഴ്‌ച കേസ് പരിഗണിച്ചപ്പോൾ പണം തങ്ങളുടേതല്ലെന്ന് തെളിയിക്കാനുള്ള രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജി കൂടി നൽകി. കേസ് പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..