10 August Tuesday

ഉണ്ണിത്താന്‍-കാസര്‍കോട് ഡിസിസി പോര് തെരുവിലേക്ക്

സ്വന്തം ലേഖകന്‍Updated: Tuesday Aug 10, 2021

കാസര്‍കോട്> രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും കാസര്‍കോട് ഡിസിസിയും തമ്മിലുള്ള പോര് തെരുവിലേക്ക്. കഴിഞ്ഞദിവസം ഉണ്ണിത്താനും പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്തും ട്രെയിനില്‍ ഏറ്റുമുട്ടിയത് ഒടുവിലത്തെ അനുഭവം. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേലിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണ് എംപിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ഡിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം മറ്റൊരു ജനറല്‍ സെക്രട്ടറിയാണ് അറസ്റ്റിലായ പത്മരാജനെയും കൂടെയുള്ളയാളെയും ജാമ്യത്തിലിറക്കാന്‍  എത്തിയതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പത്മരാജനെയും ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അനില്‍ വാഴുന്നോറടിയെയും കെപിസിസി പ്രസിഡന്റ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഡിസിസി പ്രസിഡന്റിന്റെ വിശ്വസ്തനായാണ് പത്മരാജന്‍ അറിയപ്പെടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട്  എംപിക്കെതിരെ ഡിസിസി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കാഞ്ഞങ്ങാട് ഐങ്ങോത്തെ എംപി ഓഫീസിനു മുന്നില്‍ കരിങ്കൊടി കെട്ടിയത് പത്മരാജന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് ആക്ഷേപം. തന്റെ വീടും പരിസരവും ഇയാള്‍ വൃത്തിഹീനമാക്കിയെന്നും സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഉണ്ണിത്താന്‍ പാര്‍ടിക്കു പരാതി നല്‍കി.  

തന്നെയും ഡിസിസി നേതൃത്വത്തെയും അപമാനിക്കലാണ് എംപിയുടെ സ്ഥിരംപരിപാടിയെന്ന് പത്മരാജന്‍ ആരോപിച്ചു. അസഹനീമായപ്പോഴാണ് ട്രെയിനില്‍ കയറി ചോദിച്ചത്. എംപി അസഭ്യം പറഞ്ഞപ്പോള്‍ തിരിച്ചും പറഞ്ഞു. നാലുപതിറ്റാണ്ടിലേറെയായി ജില്ലയില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ ഇന്നലെയെത്തിയ എംപി അപമാനിക്കുന്നതില്‍ പരാതി പറയാനാണ് അദ്ദേഹത്തെ കണ്ടതെന്നും പത്മരാജന്‍ പറഞ്ഞു.

ജില്ലയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും അപമാനിക്കുന്ന പെരുമാറ്റമാണ് എംപിയുടേതെന്ന് ഡിസിസി നേതാക്കള്‍ പറയുന്നു. രമേശ്  ചെന്നിത്തലയുടെ കേരള യാത്രാ സമയത്ത് കാസര്‍കോട് മുന്‍ എംഎല്‍എയുടെ വീട്ടില്‍ നടന്ന വിരുന്നിനിടയില്‍ മണ്ഡലം പ്രസിഡന്റിനെ അസഭ്യം പറഞ്ഞു.ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായി. ഡിസിസി ഓഫീസില്‍ കയറാറില്ല. ഡിസിസിയുമായി ഒരു ബന്ധവുമില്ല-- ഡിസിസി നേതൃത്വം ഉണ്ണിത്താനെതിരായ പരാതികളുടെ കെട്ടഴിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top