10 August Tuesday

നടപടി കർശനമാകുന്നു; ഇ‐ബുൾജെറ്റിനെതിരെ കലാപാഹ്വാനത്തിനും കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 10, 2021

കണ്ണൂർ > ആർടി ഓഫീസിൽ അതിക്രമം നടത്തിയതിന്‌ റിമാൻഡിലായ യൂട്യൂബർമാർക്കെതിരെ നടപടി കർക്കശമാക്കുന്നു. നിയമവിരുദ്ധമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന്‌ മോട്ടോർ വാഹനവകുപ്പ്‌ പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു വ്ലോഗർമാരായ സഹോദരങ്ങളുടെ അതിക്രമം. ‘ഇ ബുൾജെറ്റ്‌’ എന്ന ഇവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു. ഇവരുടെ വീഡിയോകൾ സമൂഹത്തെ തെറ്റായി നയിക്കുന്നതാണോയെന്ന്‌ പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന്‌ കണ്ണൂർ സിറ്റി പൊലീസ്‌ കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ഇവർക്കെതിരെ കലാപാഹ്വാനത്തിനും കേസെടുത്തിട്ടുണ്ട്‌.

തിങ്കളാഴ്‌ചയാണ്‌ കണ്ണൂർ ആർടി ഓഫീസിൽ സഹോദരങ്ങളായ എബിനും ലിബിനും അതിക്രമം കാട്ടിയത്‌. ഇവരുടെ വാഹനം കൂടുതൽ നിയമലംഘനങ്ങൾ നടത്തിയതിന്റെ തെളിവുകളും മോട്ടോർ വാഹനവകുപ്പും പൊലീസും ശേഖരിച്ചിട്ടുണ്ട്‌. ഇവ എവിടെ വെച്ചൊക്കെ നടന്നുവെന്ന്‌ പൊലീസ്‌ പരിശോധിക്കും. അതാതിടങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ട്‌ നടപടിയെടുക്കാനാണ്‌ നീക്കം.

പല വീഡിയോകളും നിയമലംഘനത്തിന്‌ ആഹ്വാനം ചെയ്യുന്നതാണെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരം വീഡിയോകൾ മുഴുവൻ ശേഖരിച്ച്‌ പരിശോധിക്കും. ഇവരെ അറസ്‌റ്റ്‌ ചെയ്‌തതതുമായി ബന്ധപ്പെട്ട്‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രകോപിപ്പിക്കുന്ന കമന്റുകൾ ഇട്ടവരെക്കുറിച്ചും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. കൊല്ലത്തും ആലപ്പുഴയിലും ഇത്തരത്തിലുള്ള ഓരോ കേസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ഇവരെ പിന്തുണച്ച്‌ തിങ്കളാഴ്‌ച കണ്ണൂരിൽ കുഴപ്പുമുണ്ടാക്കാൻ ശ്രമിച്ച 17 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top