കോഴിക്കോട്> ഗൾഫിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത് നാട്ടിലെത്തിയവരുടെ മടക്കം ആശങ്കയിൽ. യുഎഇ അംഗീകരിച്ച കൊവിഷീൽഡ് (ഓക്സ്‌ഫോർഡ്–-ആസ്‌ട്രാസെനക) രണ്ടു ഡോസ് എടുത്തവർക്ക് ഇന്ത്യയിൽ നിന്ന് മടങ്ങാമെന്നിരിക്കെ ഫൈസർ, സ്‌പുട്‌നിക്, മൊഡേണ എന്നിങ്ങനെയുള്ളവ ഒരു ഡോസ് എടുത്തവരുടെ തിരിച്ചുപോക്കാണ് പ്രതിസന്ധിയിലായത്. വ്യത്യസ്‌ത വാക്സിനുകൾ സ്വീകരിക്കുന്നതു സംബന്ധിച്ച് മാനദണ്ഡം ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.
രണ്ടാം തരംഗത്തിനു മുമ്പ് നാട്ടിലെത്തിയവർക്കാണ് ദുരിതം. വേഗത്തിൽ തിരിച്ചുപോകാമെന്ന പ്രതീക്ഷയിൽ വന്നവരാണ് ഏറെയും. രണ്ടാം തരംഗം രൂക്ഷമായതോടെയാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ കടുത്ത നിയന്ത്രണം വന്നത്. പ്രവാസികളുടെ പ്രയാസം സംസ്ഥാന സർക്കാർ കേന്ദ്രത്തെ കത്തിലൂടെ അറിയിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ ആഴ്‌ചയാണ് രണ്ടു ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് യുഎഇ യാത്ര അനുവദിച്ച് ഉത്തരവായത്. എന്നാൽ ഗൾഫ് രാഷ്‌ട്രങ്ങളിൽ നിന്ന് മറ്റു വാക്സിൻ ഒരു ഡോസ് എടുത്തവർക്ക് ഈ ആനുകൂല്യം ഉപയോഗിക്കാനാവുന്നില്ല. വ്യത്യസ്‌ത വാക്സിൻ എടുക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന ഭയത്തിനൊപ്പം സമയത്ത് പോയില്ലെങ്കിൽ ജോലി നഷ്‌ടപ്പെടുമോ എന്ന ആശങ്കയിലുമാണ് പ്രവാസികൾ.
നിരവധി പേരാണ് ഈ പരാതിയുമായി ദിവസേന ബന്ധപ്പെടുന്നതെന്ന് ബീച്ച് ഗവ. ആശുപത്രിയിലെ കോവിഡ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. മുനവർ റഹ്മാൻ പറഞ്ഞു. ഫൈസർ ഉൾപ്പെടെയുള്ളവ ഒരു ഡോസ് എടുത്തവർക്ക് അടുത്തതായി വ്യത്യസ്‌ത വാക്സിൻ നൽകുന്നതു സംബന്ധിച്ച് മാനദണ്ഡം അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയമുന്നയിച്ചും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും പരിഹാരമൊന്നുമായില്ല. പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..