കൊച്ചി > മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ അതിക്രമം നടത്തിയതിന് അറസ്റ്റിലായ യൂടൂബര്‍മാരായ സഹോദരങ്ങളുടെ കൂടുതല്‍ നിയമലംഘന വീഡിയോകള്‍ പുറത്ത്. ഇരിട്ടി സ്വദേശികളായ എബിന്‍ (32), ലിബിന്‍ (30) എന്നീ വ്‌ളോഗര്‍മാരാണ് നിയമവിരുദ്ധമായി രൂപം മാറ്റം വരുത്തിയ തങ്ങളുടെ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അതിക്രമം നടത്തിയത്. എന്നാല്‍ ഇബുള്‍ ജെറ്റ് എന്ന ഇവരുടെ യൂടൂബ് ചാനലില്‍ ഇവര്‍തന്നെ അപ്‌ലോഡ് ചെയ്തിട്ടുള്ള പല വീഡിയകളിലും അനവധി ഗതാഗത നിയമലംഘനങ്ങള്‍ വ്യക്തമാണ്.
ബിഹാറിലെ റോഡില്‍കൂടിയുള്ള യാത്രയില്‍ വേഗത്തില്‍ പോകാനായി ആംബുലന്‍സുകള്‍ക്ക് സമാനമായ സൈറണ്‍ വാഹനത്തില്‍ മുഴക്കി പായുന്നുണ്ട് ഇവര്‍. 'വേറെന്ത് ചെയ്യാനാണ്, ഒറ്റ മനുഷ്യനും മാറിത്തരുന്നില്ല' എന്നാണ് നിയമലംഘനത്തിന് സഹോദരങ്ങള്‍ പറയുന്ന ന്യായം. സൈറണ്‍ ശബ്ദം കേട്ട് പൊലീസ് വാഹനമടക്കം ഇവര്‍ക്ക് വഴിമാറികൊടുക്കുന്നതും, ആംബുലന്‍സ് ആണെന്ന് തെറ്റിധരിച്ച് ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടന്നുപോകുന്നതും വീഡിയോയില്‍ കാണാം.
ട്രാവലറിന്റെ രൂപം നിയമവിരുദ്ധമായി മാറ്റിയതിനും നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിനും മോട്ടോര്‍വാഹനവകുപ്പ് ഇവര്‍ക്ക് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമം പാലിക്കാതെ റോഡിലിറക്കാന്‍ ശ്രമിച്ചതോടെ വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ആര്‍ടി ഓഫീസിലെത്താന്‍ നിര്‍ദേശവും നല്‍കി. 42,400 രൂപ പിഴഅടയ്ക്കാനായിരുന്നു നിര്‍ദേശം.
എന്നാല്‍ തിങ്കളാഴ്ച രാവിലെ ആര്‍ടി ഓഫീസിലെത്തിയ യൂടൂബര്‍മാര്‍ പൊട്ടിക്കരഞ്ഞുള്ള ലൈവ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുകയും കൈയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. ഫയലുകള്‍ തട്ടിത്തെറിപ്പിച്ചു. ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതനുസരിച്ച് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തി ബഹളം വച്ചതിന് കണ്ണൂര്‍ എംവിഐ പത്മലാലിന്റെ പരാതിയിലാണ് കേസ്.
നിയമലംഘനം നടത്തിയതിന് മോട്ടോര്‍വാഹന വകുപ്പ് രണ്ടാം തവണയാണ് ഈ വാഹനം കസ്റ്റഡിയിലെടുക്കുന്നത്. നിറം മാറ്റുകയും വന്‍തോതില്‍ രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. മറ്റുവാഹനങ്ങളെ അപകടത്തില്‍പെടുത്തുംവിധം ലൈറ്റുകളും പിന്നില്‍ രണ്ട് സൈക്കിളും ഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രസ് സ്റ്റിക്കറും പതിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..