09 August Monday
ദുരന്തബാധിതർക്ക്‌ ഭൂമി വാങ്ങി നൽകാൻ പിരിച്ചത്‌ ഒരുകോടി

ലീഗിന്റെ വെട്ടിപ്പിന് ഇരകളായി കവളപ്പാറ ദുരന്തബാധിതരും

വി കെ ഷാനവാസ്‌Updated: Monday Aug 9, 2021

 എടക്കര
കവളപ്പാറ പുനരധിവാസത്തിന്റെ മറവിൽ മുസ്ലിം ലീഗ്‌ നടത്തിയത്‌ വൻ വെട്ടിപ്പ്‌. ദുരന്തബാധിതർക്ക്‌ ഭൂമി വാങ്ങി നൽകാൻ വിദേശത്തുനിന്ന്‌ ഒരു കോടിയിലേറെ രൂപ  ജില്ലാ നേതൃത്വം പിരിച്ച്‌ രണ്ട് വർഷം പിന്നിടുമ്പോഴും കുടുംബങ്ങൾക്ക്‌ ഭൂമി നൽകിയിട്ടില്ല. വനാതിർത്തിയിൽ  അധിക തുകയ്‌ക്ക്‌ സ്ഥലം വാങ്ങിയതിൽ വൻ അഴിമതിയാണ്‌ നടന്നത്‌. 2019 ആഗസ്ത്‌ എട്ടിനുണ്ടായ കവളപ്പാറ ദുരന്തത്തിൽ ഭൂമി നഷ്ടമായ 50 കുടുംബങ്ങൾക്ക്  മൂന്ന് ഏക്കർ രജിസ്റ്റർ ചെയ്ത് നൽകുമെന്നാണ് ലീഗ്‌ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചത്.

തുടർന്നാണ് വിദേശത്തുനിന്നടക്കം പണം പിരിച്ചത്. പണപ്പിരിവിന് പ്രത്യേക വീഡിയോയും തയ്യാറാക്കി. പോത്തുകല്ല്‌ പഞ്ചായത്തിലെ കോടാലിപൊയിൽ, പൂളപ്പാടം, വെളുമ്പിയംപാടം എന്നിവിടങ്ങളിലായി മൂന്ന് ഏക്കർ വാങ്ങി. ലീഗ് ജില്ലാ നേതാവ് ഇടനിലക്കാരനായി  വിപണി വിലയേക്കാൾ ഉയർന്ന തുകയ്‌ക്കാണ്‌ ഭൂമി വാങ്ങിയത്. പ്രദേശത്ത്‌ വന്യമൃഗശല്യവുമുണ്ട്‌.

ഭൂമി ‌ കാട് മൂടിയത്‌ ‘ദേശാഭിമാനി’ വാർത്ത നൽകിയപ്പോൾ പൂളപ്പാടത്ത്‌ 10 പേർക്ക് രജിസ്റ്റർ ചെയ്‌ത്‌ നൽകി. ഇതിൽ നാലുപേർ പ്രളയബാധിതരല്ലാത്ത പ്രാദേശിക ലീഗ് പ്രവർത്തകരാണ്‌. വെളുമ്പിയംപാടത്ത് വനത്തോടുചേർന്ന സ്ഥലം ആറ് പേർക്ക് രജിസ്റ്റർ ചെയ്തു. ഇതിലും കവളപ്പാറക്കാർ ഇല്ല. ഇതിനോടുചേർന്ന 20 സെന്റ്‌ മറിച്ച് വിൽക്കാൻ നടത്തിയ നീക്കം പ്രാദേശിക ലീഗ് കമ്മിറ്റി തടഞ്ഞു. വനത്തോടുചേർന്ന കുന്നിൻ ചെരിവിൽ മണ്ണ് നീക്കി പ്ലോട്ട് തിരിക്കുന്നത് വനംവകുപ്പും തടഞ്ഞിട്ടുണ്ട്‌.  കോടാലിപൊയിലിൽ ഭൂമി ആർക്കും രജിസ്റ്റർ ചെയ്തിട്ടുമില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top