കൊണ്ടോട്ടി
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ പുറത്ത്. കേസിൽ കസ്റ്റഡിയിലുള്ള കൊടുവള്ളി സ്വദേശി റിയാസ് എന്ന കുഞ്ഞീതുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതിന് രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്നും എത്ര പണം ചെലവഴിക്കാനും തയ്യാറാണെന്നും എല്ലാവരും സംഘടിക്കണമെന്നും ശബ്ദസന്ദേശത്തിലുള്ളതായി പൊലീസ് പറഞ്ഞു. സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തുമെന്നുള്ള ഫോൺ സന്ദേശം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കരിപ്പൂർ പൊലീസ് ഗൂഢാലോചനക്ക് കേസെടുത്തു. കേസിലെ പ്രതികളെന്നു സംശയിക്കുന്നവരുടെ വീടുകളിൽ അന്വേഷണ സംഘം തെരച്ചിൽ നടത്തി.
സ്വർണക്കടത്ത് കേസിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. ഇതുവരെ 27 പ്രതികൾ അറസ്റ്റിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..