തിരുവനന്തപുരം> കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെയും കോവിഡ് വിധഗ്ധ സമിതിയുടെയും നിർദ്ദേശമനുസരിച്ചായിരിക്കും സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കുമെന്നും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.
ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കാരണം36 ശതമാനം കുട്ടികൾക്ക് കഴുത്തു വേദനയും 27 ശതമാനം പേർക്ക് കണ്ണിന് വേദനയും ഉണ്ടെന്ന് എസ്‍സിആര്‍ടിയുടെ റിപ്പോർട്ടുണ്ട്. കൂടാതെ മാനസിക പിരിമുറക്കവും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഡിറ്റിൽ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് അടുത്തമാസം രക്ഷിതാക്കൾക്ക് പരിശീലനം നൽകും. കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും വ്യായാമം ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.
വിദ്യാർഥികളിൽ മാനസിക പിരിമുറുക്കം കുറക്കാൻ ആവശ്യമായ കൗൺസിലർമാരെ നിയോഗിക്കും.എല്ലാ സ്‌കൂളുകളിലും കൗൺസിലർമാരെ നിയമിക്കാൻ ശ്രമിക്കുന്നുണ്ട്.
ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളുടെ കണക്കെടുത്തിട്ടുണ്ട്. പഠനം പൂർണമായി ഓൺലൈനിലേക്ക് മാറുന്ന ഘട്ടത്തിൽ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ലഭ്യമാക്കാൻ ശ്രമിക്കും. അതുപോലെ നെറ്റ് കണക്‌റ്റിവിറ്റിയും ലഭ്യമാക്കും.
കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകൾ ശാശ്വതമല്ല. കുട്ടികൾക്കുള്ള വാക്സിനു അനുമതി ലഭിക്കുന്ന മുറയ്ക്ക് കൃത്യമായി എല്ലാ കുട്ടികൾക്കും അവ ഉറപ്പാക്കി കുട്ടികളെ സംരക്ഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സഭയിൽ വ്യക്തമാക്കി.
എസ്എസ്എൽസി പരീക്ഷഫലത്തിൽ എ പ്ലസിലുണ്ടായ വർധനയിൽ നമുക്ക് അഭിമാനിക്കാം. കഷ്ടപ്പെട്ട് പരീക്ഷ എഴുതിയാണ് വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കിയത്. ഓൺലൈൻ ക്ലാസുകളിൽ പ്രത്യേക ശ്രദ്ധ അധ്യാപകരും നൽകിയിരുന്നു. മികച്ച വിജയം നേടിയ വിദ്യാർഥികളെ ട്രോളി തകർക്കാൻ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന ശ്രമം ഹീനമാണ്. കുട്ടികളെ മാനസികമായി തകർക്കുന്ന തമാശ വേണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..