08 August Sunday

കുതിരാൻരണ്ടാം തുരങ്കം; നിർമാണം വേഗത്തിലാക്കാൻ രണ്ടാഴ്‌ചയിൽ യോഗം

സ്വന്തം ലേഖകൻUpdated: Sunday Aug 8, 2021

തിരുവനന്തപുരം > കുതിരാനിൽ രണ്ടാം തുരങ്കത്തിന്റെ നിർമാണം സമയക്രമം പാലിച്ച്‌ അതിവേഗത്തിൽ പൂർത്തിയാക്കുമെന്ന്‌ പൊതുമരാമത്ത്  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ടാഴ്‌ചയിലൊരിക്കൽ പ്രവൃത്തി വിലയിരുത്താൻ യോഗം ചേരും. അടുത്ത 15 ദിവസത്തെ പ്രവർത്തനം സംബന്ധിച്ച് ഈ യോഗത്തിൽ തിരുമാനിക്കും.

സെപ്തംബർ ആദ്യവാരം യോഗം ചേർന്ന്  പ്രവർത്തനം വിലയിരുത്തും. എട്ടുമാസത്തിനകം ആദ്യ ടണൽ തുറക്കാനായത് കൂട്ടായ്‌മയുടെ വിജയമാണ്‌. സുരക്ഷാജോലി, കോൺക്രീറ്റ്, വിളക്ക്‌ ഘടിപ്പിക്കൽ, അഗ്നിസുരക്ഷാ സംവിധാനം, ബ്ളോവർ, സിസിടിവി എസ്ഒഎസ് ഫോൺ, സ്‌പീക്കർ എന്നിവ ഘടിപ്പിക്കൽ, പെയിന്റിങ്‌, റോഡ് മാർക്കിങ്‌ എന്നിവ പൂർത്തിയാക്കാനുണ്ട്‌.
പ്രവൃത്തി വിലയിരുത്താൻ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കെ കൃഷ്‌ണൻകുട്ടി എന്നിവരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മന്ത്രിക്ക്‌ അഭിനന്ദനം

കുതിരാൻ ഒന്നാംതുരങ്കം തുറന്നുകൊടുക്കാൻ ഇടപെട്ട മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെ അവലോകനയോഗത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. മന്ത്രിയുടെ ഇടപെടൽ രണ്ടാം തുരങ്കനിർമാണത്തിനും സഹായമാകുമെന്ന്‌ അതോറിറ്റി കേരള റീജ്യണൽ ഓഫീസർ ബി എൽ മീണ യോഗത്തിൽ പറഞ്ഞു.  ക്രെഡിറ്റ്‌ ആർക്കായാലും പദ്ധതി അതിവേഗം പൂർത്തിയാക്കലാണ്‌ ലക്ഷ്യമെന്ന്‌ യോഗശേഷം മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top