
കൊച്ചി : ഈശോ എന്ന ചിത്രത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. പേര് മാറ്റാന്‍ ഉദേശിക്കുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു.
‘പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിര്‍മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ല. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത് അംഗീകരിക്കാനാവില്ല. മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല’ -നാദിര്‍ഷ പറഞ്ഞു.
അതേസമയം, ഈശോ സിനിമയുടെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ദിവസങ്ങളായി തുടരുകയാണ്. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിക്കാനാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ തീരുമാനം. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആരോപണം.
എന്നാൽ, നാദിര്‍ഷയ്ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന കുത്സിത നീക്കങ്ങളെ ചെറുക്കാന്‍ വിവേകമുള്ള കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു. ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ഷയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക അറിയിച്ചു.
Post Your Comments