08 August Sunday

മുഈൻ അലിയെ തൊട്ടില്ല; കുഞ്ഞാലിക്കുട്ടിക്ക്‌ തിരിച്ചടി

സ്വന്തം ലേഖകൻUpdated: Sunday Aug 8, 2021

മലപ്പുറം > മുസ്ലിംലീഗിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിന്‌ തിരിച്ചടി. കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ യൂത്ത്‌ ലീഗ്‌ ദേശീയ വൈസ്‌പ്രസിഡന്റും പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ മകനുമായ  മുഈൻ അലി തങ്ങളെ നടപടിയെടുക്കാനുള്ള  നീക്കം പാളി. വാർത്താസമ്മേളനത്തിനിടയിൽ മുഈൻ അലിക്കെതിരെ അസഭ്യവർഷം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌തൻ റാഫി പുതിയകടവിനെ ലീഗിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്‌ ‘ഉചിതമായില്ല’എന്ന ഒറ്റവാക്കിൽ മുഈൻ അലിക്കെതിരെ പരാമർശം ഒതുക്കേണ്ടിവന്നു. ശനിയാഴ്‌ച വൈകിട്ട്‌ മലപ്പുറത്തു ചേർന്ന ലീഗ്‌ ഉന്നതാധികാര സമിതിയുടേതാണ്‌ തീരുമാനം.

കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷകൾക്ക്‌ വിപരീതമായി പാണക്കാട്‌ കുടുംബം മുഈൻ അലിക്കൊപ്പം ഉറച്ചുനിന്നു. കൊടപ്പനയ്‌ക്കൽ കുടുംബാംഗങ്ങൾ സാദിഖലി തങ്ങളുടെ വീട്ടിൽ യോഗം ചേർന്നാണ്‌ നിലപാട്‌ കൈക്കൊണ്ടത്‌. വൈകിട്ട്‌ ലീഗ്‌ ഉന്നതാധികാരസമിതി  യോഗത്തിൽ പി എം എ സലാമും  കെ പി എ മജീദും മാത്രമേ കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നുള്ളൂ. ഇ ടി മുഹമ്മദ്‌ ബഷീറും എം പി അബ്ദുസമദ്‌ സമദാനിയും തന്ത്രപരമായ നിലപാടെടുത്തു. സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി തങ്ങൾ രോഗക്കിടക്കയിലാണ്‌.  പാണക്കാട്‌ കുടുംബത്തിന്റെ തീരുമാനം അറിയിക്കാൻ റഷീദലി ശിഹാബ്‌ തങ്ങൾ, ബഷീറലി ശിഹാബ്‌ തങ്ങൾ, അബ്ബാസ്‌ അലി തങ്ങൾ എന്നിവരെ  വിളിച്ചുവരുത്തി.

മൂന്നര മണിക്കൂർ നീണ്ട യോഗത്തിൽ റഷീദലി ശിഹാബ്‌ തങ്ങൾ മുഈൻ അലിക്കെതിരെ നടപടിയെടുക്കരുതെന്ന കുടുംബത്തിന്റെ നിലപാട്‌ വ്യക്തമാക്കി. കുടുംബാംഗത്തെ തെറിവിളിച്ച റാഫിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ചന്ദ്രികവഴി കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്ന്‌ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽഇ ടി മുഹമ്മദ്‌ ബഷീർ എംപി പറഞ്ഞു. ലീഗിൽ വിഭാഗീയതയില്ല. 40 വർഷമായി കുഞ്ഞാലിക്കുട്ടിയാണ്‌ ലീഗിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന ആരോപണത്തിൽ വസ്‌തുതയില്ലെന്നും പറഞ്ഞു. മുഈൻ അലിയുടെ നടപടി അനുചിതമായിപ്പോയെന്ന്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്ന്‌ സാദിഖലി തങ്ങൾ  പറഞ്ഞു.  കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ മൗനംപാലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top