07 August Saturday
‘അന്താരാഷ്‌ട്ര 
തർക്കപരിഹാര 
കോടതിയുടെ 
ഉത്തരവ്‌ ഇന്ത്യയിൽ ബാധകം’

ആമസോണിന്‌ അനുകൂല വിധി ; റിലയൻസ്‌ ഫ്യൂച്ചർ ഗ്രൂപ്പ്‌ ഇടപാട്‌ സുപ്രീംകോടതി തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 7, 2021


ന്യൂഡൽഹി
ഫ്യൂച്ചർ ഗ്രൂപ്പ്‌ റീട്ടെയിൽ ഏറ്റെടുക്കാനുള്ള റിലയൻസിന്റെ നീക്കം തടഞ്ഞ സിംഗപ്പുരിലെ അന്താരാഷ്‌ട്ര തർക്കപരിഹാര കോടതിയുടെ ഉത്തരവ്‌ ശരിവച്ച്‌ സുപ്രീംകോടതി. ആമസോണിന്‌ അനുകൂലമാണ്‌ ഉത്തരവ്‌. 24,731 കോടി രൂപയുടെ ഇടപാട്‌ തടഞ്ഞ സിംഗപ്പുർ എമർജൻസി ആർബിട്രേറ്ററിന്റെ(ഇഎ) ഉത്തരവ്‌ ഇന്ത്യയിൽ ബാധകമാണെന്ന്‌ ജസ്‌റ്റിസ്‌ ആർ എഫ്‌ നരിമാൻ, ബി ആർ ഗവായി എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്‌ ശരിവച്ചു.

ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചെറുകിട-, മൊത്തവ്യാപാരം, ചരക്കുനീക്കം, വെയർഹൗസ് ഉൾപ്പെടെയുള്ള ബിസിനസ് ഏറ്റെടുക്കാനാണ്‌ റിലയൻസ്‌ കരാറിലെത്തിയത്‌. എന്നാൽ, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ഫ്യൂച്ചർ കൂപ്പൺസിന്റെ 49 ശതമാനം ഓഹരികൾ ആമസോൺ 2019ൽ ഏറ്റെടുത്തിരുന്നു. ഓഹരി കൈമാറ്റ വ്യവസ്ഥ പ്രകാരം ഫ്യൂച്ചർ ഗ്രൂപ്പ്‌ –- റിലയൻസ്‌ കൈമാറ്റം  സാധ്യമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ആമസോൺ ഇഎയെ സമീപിച്ച്‌ അനുകൂല ഉത്തരവ്‌ നേടിയത്‌. അത്‌ നടപ്പാക്കാൻ 2020 ഒക്‌ടോബറിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇഎ ഉത്തരവ്‌ നിലനിൽക്കുമെന്നായിരുന്നു സിംഗിൾ ബെഞ്ച്‌ ഉത്തരവ്‌.

എന്നാൽ, ഡിവിഷൻ ബെഞ്ച്‌ ഇത്‌ സ്‌റ്റേ ചെയ്‌തു. ഇതിനെതിരായ ഹർജി പരിഗണിച്ച സുപ്രീംകോടതി സ്‌റ്റേയും തള്ളി. ഫ്യൂച്ചർ ഗ്രൂപ്പ്‌ പുനഃപരിശോധനാ ഹർജി നൽകിയേക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top