07 August Saturday

ഉള്ളുലഞ്ഞ മണ്ണിൽ തളിരിടുന്ന ജീവിതം ; പെട്ടിമുടി ദുരന്തത്തിന്‌ ഒരാണ്ട്‌, കവളപ്പാറ 
പുത്തുമല ദുരന്തത്തിന്‌ രണ്ടാണ്ട്‌

സ്വന്തം ലേഖകർUpdated: Saturday Aug 7, 2021

പുത്തുമല ദുരന്തത്തിലകപ്പെട്ട വാഹനങ്ങൾ റോഡരികിൽ


എടക്കര/കൽപ്പറ്റ
കേരളത്തിന്റെ മണ്ണിൽ ഇരട്ടദുരന്തം പെയ്‌തിറങ്ങിയിട്ട്‌ രണ്ടാണ്ട്‌. 2019 ആഗസ്ത് എട്ടിനാണ്‌ നാടിനെ നടുക്കിയ കവളപ്പാറ, പുത്തുമല ഉരുൾപൊട്ടലുകൾ ഉണ്ടായത്‌. വയനാട്ടിലെ പുത്തുമലയിൽ വൈകിട്ട്‌ നാലോടെയാണ്‌ 17 ജീവനെടുത്ത ആദ്യ ദുരന്തം ഉണ്ടായത്‌. രാത്രി എട്ടോടെ 59 പേരുടെ ജീവനെടുത്ത്‌ മലപ്പുറം കവളപ്പാറയും ഇടിഞ്ഞിറങ്ങി. പുത്തുമലയിൽ 12ഉം കവളപ്പാറയിൽനിന്ന്‌ 48ഉം മൃതദേഹമേ ഇതുവരെ കണ്ടെത്തിയുള്ളൂ. സർവതും മണ്ണെടുക്കുന്നതു കണ്ട്‌ ശ്വാസമടക്കി നിന്ന ജനത ഇന്ന്‌ ജീവിതപ്പച്ചയിലേക്ക്‌ തിരികെ നടക്കുകയാണ്‌; സർക്കാരിന്റെ കരുതലിൽ.

കരുതലറിഞ്ഞ്‌ കവളപ്പാറ
കവളപ്പാറയിൽ മരിച്ച 59 പേരുടെ ആശ്രിതർക്കും നാലു ലക്ഷം രൂപ ആദ്യ സഹായം നൽകി. ഭൂമി വാങ്ങാനും വീടിനുമായി 127 കുടുംബത്തിന്‌ 10 ലക്ഷവും സർക്കാർ കൈമാറി. ഭൂദാനം ആലിൻചുവട്ടിൽ നിർമിച്ച 59 വീട്ടിൽ താമസം തുടങ്ങി. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മാങ്ങാട്ടുതൊടിക അനീഷിന്റെ ഭാര്യ അശ്വതിക്ക്‌ സർക്കാർ ജോലിയും ലഭിച്ചു. വ്യവസായി എം എ യൂസഫലി സർക്കാർ സഹായത്തോടെ 33 വീടും നിർമിച്ച്‌ നൽകി. കോൺക്രീറ്റ് റോഡ്, സുരക്ഷാ മതിൽ, വൈദ്യുതി എന്നിവയും ഉറപ്പാക്കി. ഞെട്ടിക്കുളം, മുതുകുളം എന്നിവിടങ്ങളിലെ 35 വീടും പട്ടികവർഗ വിഭാഗക്കാർക്ക് ഉപ്പട ഗ്രാമം റോഡിൽ 33 എണ്ണവും ഒരുങ്ങുന്നുണ്ട്‌. എസ്ടി വിഭാഗത്തിന്റെ പുനരധിവാസത്തിന്‌ ഐടിഡിപി രണ്ടു ലക്ഷം രൂപ അധികമായി അനുവദിച്ചിരുന്നു. എൽഡിഎഫ് സർക്കാരിന്റെയും പി വി അൻവർ എംഎൽഎയുടെയും പോത്ത്‌കല്ല് പഞ്ചായത്ത് ഭരണസമിതിയുടെയും ഇടപെടലാണ്‌ പുനരധിവാസ നടപടി വേഗത്തിലാക്കിയത്‌.

പുത്തുമലയിലെ 
പുനരധിവാസം
പുത്തുമലയിൽ ഇരകളായവരെ പുനരധിവസിപ്പിക്കാൻ സർക്കാർ ഹർഷം പദ്ധതി ആവിഷ്‌കരിച്ചു. 103 കുടുംബത്തെയാണ്‌ ഇതുവഴി പുനരധിവസിപ്പിക്കുന്നത്‌. ഭൂമി വാങ്ങാൻ ആറു ലക്ഷവും വീട്‌ നിർമിക്കാൻ നാലു ലക്ഷം രൂപയും അനുവദിച്ച്‌ 47 കുടുംബത്തെ വിവിധ സ്ഥലങ്ങളിൽ പുനരധിവസിപ്പിച്ചു. 56 കുടുംബത്തിനായി മേപ്പാടി പൂത്തക്കൊല്ലി എസ്‌റ്റേറ്റിലെ ഏഴേക്കർ ഏറ്റെടുത്തു. സന്നദ്ധസംഘടനകളും സർക്കാരും ചേർന്നാണ്‌ വീട്‌ നിർമാണം. 10 വീടിന്റെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ പ്രവൃത്തി പുരോഗമിക്കുന്നു.

കണ്ണീരുണങ്ങാതെ പെട്ടിമുടി
കവളപ്പാറ– പുത്തുമല ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമയ്ക്ക് ഒരാണ്ട്‌ തികയാൻ 2 ദിവസം ശേഷിക്കെ ഇടുക്കി പെട്ടിമുടിയിൽ അതേ ദുരന്തം ആവർത്തിച്ചു. 2020 ആഗസ്ത് ആറിന്‌ ലയങ്ങൾക്കു മുകളിലേക്ക്‌ മണ്ണിടിഞ്ഞിറങ്ങി 70 ജീവനാണ്‌ നഷ്ടമായത്‌. പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക്‌ സർക്കാർ നാല്‌ ലക്ഷം വീതം നൽകി. 23 കോടി രൂപയാണ്‌ ആകെ ധനസഹായം നൽകിയത്‌. വീട്‌ നഷ്ടപ്പെട്ട എട്ട്‌ കുടുംബങ്ങൾക്ക്‌ കുറ്റ്യാർവാലിയിൽ വീട്‌ നിർമിച്ച്‌ നൽകി. ദുരന്തത്തിൽനിന്നും കഷ്ടിച്ച്‌ രക്ഷപ്പെട്ട കുടുംബങ്ങളെയും പുനരധിവസിപ്പിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠനചെലവും സർക്കാർ ഏറ്റെടുത്തു. ‌ വെള്ളിയാഴ്‌ച എസ്റ്റേറ്റിൽനിന്നും തമിഴ്നാട്ടിൽനിന്നും ബന്ധുക്കൾ ഉൾപ്പെടെ ഉള്ളവർ പെട്ടിമുടിയിൽ എത്തി മരിച്ചവർക്ക്‌ ആദരാഞ്ജലി അർപ്പിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top