1989 ന്റെ പുതുവത്സര ദിനത്തില്‍ ദില്ലിയുടെ പ്രാന്ത പ്രദേശമായ ഝണ്ഡാപൂരില്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം 'ഹല്ലാ ബോല്‍' എന്ന തെരുവ് നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സഫ്ദര്‍ ഹാഷ്മിയെയും നാടകസംഘത്തെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത്. ഇരുപത് മിനുട്ട് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന നാടകം പൂര്‍ത്തീകരിക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവര്‍ ആക്രോശിച്ചത്. അവിടെ കൂടിയിരുന്നവരെയെല്ലാം ഭ്രാന്ത് പിടിച്ച കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ ഇരുമ്പ് ദണ്ഡകളും ഇഷ്ടികയും കല്ലും പലകയുമെല്ലാമെടുത്ത് പൊതിരെ മര്‍ദ്ദിച്ചു, കൈത്തോക്കുകളില്‍ നിന്നും വെടിയുതിര്‍ക്കപ്പെട്ടു. നാടകം കാണാന്‍ വന്നിരുന്ന നേപ്പാളില്‍ നിന്നുള്ള തൊഴിലാളി ബഹദൂര്‍ തല്‍ക്ഷണം മരിച്ചു. പരമാവധി പേരെ തന്റെ ജീവന്‍ കൊടുത്ത് സഫ്ദര്‍ സംരക്ഷിച്ചു. ഒടുവില്‍ സഫ്ദറിനെ അവര്‍ തുരുതുരാ കല്ലെറിഞ്ഞ് വീഴ്ത്തി. മാരകമായി പരിക്കേറ്റ് ചോരയൊലിച്ച് ബോധരഹിതനായി കിടന്ന സഫ്ദര്‍ പിന്നെ ഉണര്‍ന്നില്ല.
1989 ന്റെ പുതുവത്സര ദിനത്തില്‍ ദില്ലിയുടെ പ്രാന്ത പ്രദേശമായ ഝണ്ഡാപൂരില്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം 'ഹല്ലാ ബോല്‍' എന്ന തെരുവ് നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സഫ്ദര്‍ ഹാഷ്മിയെയും നാടകസംഘത്തെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത്. ഇരുപത് മിനുട്ട് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന നാടകം പൂര്‍ത്തീകരിക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവര്‍ ആക്രോശിച്ചത്. അവിടെ കൂടിയിരുന്നവരെയെല്ലാം ഭ്രാന്ത് പിടിച്ച കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ ഇരുമ്പ് ദണ്ഡകളും ഇഷ്ടികയും കല്ലും പലകയുമെല്ലാമെടുത്ത് പൊതിരെ മര്‍ദ്ദിച്ചു, കൈത്തോക്കുകളില്‍ നിന്നും വെടിയുതിര്‍ക്കപ്പെട്ടു. നാടകം കാണാന്‍ വന്നിരുന്ന നേപ്പാളില്‍ നിന്നുള്ള തൊഴിലാളി ബഹദൂര്‍ തല്‍ക്ഷണം മരിച്ചു. പരമാവധി പേരെ തന്റെ ജീവന്‍ കൊടുത്ത് സഫ്ദര്‍ സംരക്ഷിച്ചു. ഒടുവില്‍ സഫ്ദറിനെ അവര്‍ തുരുതുരാ കല്ലെറിഞ്ഞ് വീഴ്ത്തി. മാരകമായി പരിക്കേറ്റ് ചോരയൊലിച്ച് ബോധരഹിതനായി കിടന്ന സഫ്ദര്‍ പിന്നെ ഉണര്‍ന്നില്ല.
രാജ്യം മുഴുവന്‍ തരിച്ചുപോയ കൊലപാതകമായിരുന്നു അത്. മൂന്ന് പതിറ്റാണ്ട് മുന്‍പാണ്. സാമൂഹ്യ മാധ്യമങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലം. എന്നിട്ടും സഫ്ദര്‍ ഹാഷ്മി കൊല്ലപ്പെട്ട വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. തൊട്ടടുത്ത ദിവസം രാജ്യം മുഴുവന്‍ സഫ്ദറിനെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ തെരുവില്‍ പ്രതിഷേധവുമായി സംഘടിച്ചു. രാജ്യ തലസ്ഥാനത്ത് സഫ്ദറിന് ലഭിച്ചതിന് തുല്യമായ ജനനിബിഢമായൊരു യാത്രയയപ്പ് അതിനു ശേഷം മറ്റൊരാള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും സംശയമാണ്.
അത്രമേല്‍ സ്‌നേഹിക്കപ്പെട്ടിരുന്നു സഫ്ദര്‍. അത്രമേല്‍ പ്രതീക്ഷകളെയും പോരാട്ടങ്ങളെയും പേറിയിരുന്നു അയാള്‍. ഇത്രയൊക്കെയാകാന്‍ സഫ്ദറിന് കേവലം 34 വര്‍ഷം മാത്രം ജീവിച്ചാല്‍ മതിയായിരുന്നു. ഇന്നുണ്ടായിരുന്നെങ്കില്‍ സഫ്ദറിന് പ്രായം 66. കോണ്‍ഗ്രസുകാരാണ് സഫ്ദറിനെ കൊന്നത്. എന്നാല്‍ ഇനിയയാള്‍ക്ക് അനശ്വരതയാണ് പ്രായം.
സഫദറിന്റെ മരണത്തിനു 48 മണിക്കൂര്‍ തികയും മുന്‍പ് ജന നാട്യ മഞ്ചിലെ സഫ്ദറിന്റെ സഖാക്കള്‍ അവര്‍ ആക്രമിക്കപ്പെട്ട അതേ തെരുവില്‍ ഒത്തുകൂടി. ആയിരക്കണക്കിനു പേരാണ് അവരെ കാണാനെത്തിയത്. പാതിവഴിയില്‍ ചോരയില്‍ കുളിച്ച് അവസാനിപ്പിക്കേണ്ടി വന്ന നാടകം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. സംഘത്തിലെ 21 വയസുകാരന്‍ സുധന്‍വ ദേശ്പാണ്ഡെ മുന്നോട്ടു വന്ന് കൂടിനിന്ന ആള്‍ക്കൂട്ടത്തോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
''ഞങ്ങളുടെ തടസപ്പെട്ടുപോയ നാടകം കളിക്കാനാണ് ഞങ്ങളിവിടെ വന്നത്. ഞങ്ങളുടെ കാണികളോടുള്ള ചുമതല പൂര്‍ത്തീകരിക്കാനാണ് ഞങ്ങളിവിടെ നില്‍ക്കുന്നത്. അവര്‍ക്ക് ഞങ്ങളെ കൊല്ലാം, എന്നാല്‍ അവര്‍ക്ക് ഞങ്ങളെ തടയാനാകില്ലെന്ന് പറയാനാണ് ഞങ്ങളിവിടെ ഉള്ളത്. സഖാവ് റാം ബഹദൂറിനെ ആദരിക്കാനാണ് ഞങ്ങളിവിടെ നില്‍ക്കുന്നത്. സഫ്ദര്‍ ഹാഷ്മി മരിച്ചിട്ടില്ല എന്നതിനാലാണ് ഞങ്ങളിവിടെ നില്‍ക്കുന്നത്. അദ്ദേഹം ഇവിടെ ജീവിക്കുകയാണ്, നമുക്കിടയില്‍, ഒപ്പം രാജ്യമെമ്പാടുമുള്ള അസംഖ്യം യുവതികളുടെയും യുവാക്കളുടെയും ഇടയില്‍''
ആ നാടകം അവര്‍ പൂര്‍ത്തീകരിച്ചു. ഒരുപക്ഷെ ഈ രാജ്യം കണ്ട ഏറ്റവും ഉജ്ജ്വലമായ നാടകാവതരണം ആയിരുന്നു അത്. പിന്നീട് ആയിരക്കണക്കിന് തെരുവുകളില്‍ സഫ്ദറിന്റെ നാടക സംഘം സഞ്ചരിച്ചു. സഫ്ദര്‍ മരിക്കുന്നില്ല എന്നവര്‍ ആവര്‍ത്തിച്ചു.
അതേ സുധന്‍വ ദേശ്പാണ്ഡെ സഫ്ദറിന്റെ രക്തസാക്ഷിത്വത്തിനു മുപ്പതുവര്‍ഷങ്ങള്‍ക്കപ്പുറം തന്റെ പ്രിയപ്പെട്ട സഖാവിന്റെ ജീവചരിത്രം എഴുതി. ഹല്ലാ ബോല്‍; സഫ്ദര്‍ ഹാഷ്മിയുടെ മരണവും ജീവിതവും (Halla Bol: The Death and Life of Safdar Hashmi) എന്ന പുസ്തകം 2019 ലാണ് അഭിനേതാവും എഴുത്തുകാരനുമായ സുധന്‍വ തന്നെ മാനേജിങ് എഡിറ്ററായ ലെഫ്റ്റ് വേഡ് ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയില്‍ സമീപ കാലത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ജീവചരിത്രമാണ് ഹല്ലാ ബോല്‍. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നടയിലും തമിഴിലും പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. വൈകാതെ തെലുങ്കും മലയാളവും ഉള്‍പ്പടെയുള്ള ഭാഷകളിലും പുസ്തകം ഇറങ്ങും.
ആരെയും ത്രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ജീവിതമായിരുന്നു സഫ്ദറിന്റേത്. കവിയും ചിതകാരനും നാടക രചയിതാവും നടനും സംവിധായകനും സംഘാടകനുമൊക്കെയായി അയാള്‍ മികവു കാട്ടി. സഫ്ദറിന്റെ ജീവിതത്തെ ഏറ്റവും ഹൃദ്യമായി അടയാളപ്പെടുത്താന്‍ ജീവചരിത്രകാരന് സാധിച്ചിരിക്കുന്നു.
സഫ്ദറിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഒരു ചലചിത്രത്തിലെന്ന പോലെ വിവരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷനെ പുനരുജ്ജീവിപ്പിച്ചെടുക്കുന്നതും പിന്നീട് ജന നാട്യ മഞ്ച് (ജനം) രൂപീകരിക്കുന്നതും രാജ്യം മുഴുവന്‍ തെരുവു നാടകത്തിന്റെ ജ്വാല പടര്‍ത്തുന്നതുമെല്ലാം പിന്നീടുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നു. അതിനിടയില്‍ അടിയന്തരാവസ്ഥയുടെയും സിഖ് വിരുദ്ധ കലാപത്തിന്റെയും ഇരുണ്ട ദിനങ്ങള്‍.
ദില്ലി യൂണിവേഴ്‌സിറ്റിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പഠനകാലത്ത് എസ് എഫ് ഐ പ്രവര്‍ത്തകനായാണ് സഫ്ദര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ശേഷം തന്റെ ജീവിതം തൊഴിലാളി വര്‍ഗ വിമോചനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി മാറ്റി വച്ചു. തെരുവായിരുന്നു സഫ്ദറിന്റെ മാധ്യമം. തൊഴില്‍ ചൂഷണങ്ങള്‍ക്കും ഭരണകൂട മര്‍ദ്ദനങ്ങള്‍ക്കുമെതിരെ അയാളുടെ നാടകങ്ങള്‍ സമരം പ്രഖ്യാപിച്ചു. ജന നാട്യ മഞ്ചിന്റെ നാടകങ്ങള്‍ക്കൊപ്പം കാണികള്‍ ഇളകിമറിയുമായിരുന്നു. തൊഴിലാളികളായ സാധാരണ മനുഷ്യരായിരുന്നു മിക്കപ്പോഴും ജനത്തിന്റെ കാണികള്‍. അവരെ ചിരിപ്പിച്ചും കരയിച്ചും പലപ്പോഴും രോഷം കൊള്ളിച്ചും ഓരോ നാടകവും കണ്ടു നില്‍ക്കുന്നവരുടെ ഹൃദയങ്ങളിലേക്കിറങ്ങി. സമരങ്ങളെക്കുറിച്ച് സംസാരിക്കുന്ന തന്റെ നാടകങ്ങളെ പറ്റി സഫ്ദര്‍ പറഞ്ഞത് 'ജീനാ ഹേ തോ ലട്‌നാ ഹേ, പ്യാര്‍ കര്‍നാ ഹേ തോ ഭീ ലട്‌നാ ഹേ' (ജീവിക്കണമെങ്കിലും സമരം ചെയ്യണം, പ്രണയിക്കണമെങ്കിലും സമരം ചെയ്യണം) എന്നായിരുന്നു. തന്റെ കവിത എന്തുകൊണ്ടാണ് പൂക്കളെയും ഇലകളെയും ജന്മനാട്ടിലെ കൂറ്റന്‍ അഗ്‌നി പര്‍വതങ്ങളെയും കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യത്തിന് നെരൂദ നല്‍കുന്ന മറുപടി 'വരൂ, ഈ തെരുവിലെ ചോര കാണൂ' എന്നായിരുന്നു.
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകള്‍ രാജ്യ തലസ്ഥാനത്ത് തൊഴിലാളി സമരങ്ങളുടെ വേലിയേറ്റത്തിന്റെ കാലമായിരുന്നു. ആ ചരിത്രം കൂടിയാണ് പുസ്തകം ഒപ്പിയെടുക്കുന്നത്. ഒരു കാലഘട്ടത്തിന്റെ പുസ്തകമാണിത്. സഫ്ദര്‍ ഹാഷ്മി ജീവിച്ച കാലത്തിന്റെ പുസ്തകം. ആ കാലത്തില്‍ നിന്നും മാറി നടക്കുകയായിരുന്നില്ല, അതില്‍ തന്റെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു സഫ്ദര്‍ ഹാഷ്മിയെന്ന ഇടതുപക്ഷക്കാരനായ കലാപ്രവര്‍ത്തകന്‍. കലയെ സാമൂഹിക വിമോചനവുമായി ചേര്‍ത്ത് വെക്കുന്ന ഓരോരുത്തരും അറിയേണ്ട ജീവിതമാണത്. പാഠപുസ്തകമാണ് സഫ്ദര്‍. പോരാളികള്‍ക്ക്, പ്രണയിതാക്കള്‍ക്ക്, ലോകം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കണമെന്ന് സ്വപ്നം കാണുന്നവര്‍ക്ക്....
ഹല്ലാ ബോല്‍ ഒരുപാട് മനുഷ്യരെക്കുറിച്ചുള്ള പുസ്തകം കൂടിയാണ്. സംഘടിത ഇടതുപക്ഷത്തെയും തൊഴിലാളി വര്‍ഗ സമരങ്ങളെയും കുറിച്ചുള്ളതാണ്. ഒപ്പം അത് മൊളോയ്ശ്രീ ഹാഷ്മിയെക്കുറിച്ച്, അഥവാ മാലയെക്കുറിച്ചുള്ളത് കൂടിയാണ്. സഫ്ദര്‍ കഴിഞ്ഞാല്‍ പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നത് മാലയാണ്. അവരുടെ പ്രണയം, ചിന്തകള്‍, ധീരത, തന്റെ ജീവിത സഖാവ് സഫ്ദര്‍ ഹാഷ്മിക്കൊപ്പം തെരുവുനാടക ലോകത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍.. പുസ്തകത്തിലെമ്പാടും മാല പടര്‍ന്നിരിക്കുന്നു.
സഫ്ദറിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെയും, അതിലെ പ്രതീക്ഷകളെയും, ചിന്തകളെയും, ആശയങ്ങളെയും, ഇടപെടലുകളെയും അത്രമേല്‍ ജീവനോടെയാണ് സുധന്‍വ വിവരിക്കുന്നത്. എങ്ങനെയൊരു പോരാളിയുടെ നീതിപൂര്‍വമായ ജീവചരിത്രം തയ്യാറാക്കാം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഹല്ലാ ബോല്‍. ആ ഉദ്യമം പൂര്‍ത്തീകരിച്ചതിന് നിശ്ചയമായും എഴുത്തുകാരന്‍ അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. ഒപ്പം സഫ്ദറിന്റെയും ജന നാട്യ മഞ്ചിന്റെയുമെല്ലാം ഒരു പാട് ചിത്രങ്ങള്‍. സഫ്ദറിന്റെ അകാല വിയോഗത്തിനു ശേഷം ജന നാട്യ മഞ്ച് തടസപ്പെട്ട നാടകം പൂര്‍ത്തീകരിക്കുന്നതിന്റെ ചിത്രത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്. അതില്‍ കാണികളില്‍ ഒരാള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ബാനറില്‍ ഇങ്ങനെ എഴുതിയിരുന്നു, 'Safdar died, but not in vain'.
(Halla Bol: The death and life of Safdar Hashmi പുസ്തകം ലെഫ്റ്റ് വേഡ് ബുക്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് 20 ശതമാനം വില കുറഞ്ഞ് ഇപ്പോള്‍ വാങ്ങാവുന്നതാണ്. പുസ്തകം വാങ്ങാനുള്ള ലിങ്ക് https://mayday.leftword.com/halla-bol.html )
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..