തലശേരി
നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി നേതൃത്വം കണ്ണൂരിൽ കുഴൽപ്പണമിറക്കിയത് ജില്ലാ പ്രസിഡന്റിന്റെ നാമനിർദേശ പത്രിക തള്ളിയതിനുപിന്നാലെ. തലശേരി മണ്ഡലത്തിൽ നിശ്ചയിച്ച സ്ഥാനാർഥി എൻ ഹരിദാസിന്റെ പത്രിക തള്ളിയതിന്റെ പിറ്റേന്നാണ് (മാർച്ച് 21) പണമെത്തിച്ചത്. കണ്ണൂരിലെ ബിജെപി ഓഫീസ് സ്‌റ്റാഫ് ശരത്തിന് 1.4 കോടി രൂപ നൽകിയെന്നാണ് കൊടകര കുഴൽപ്പണക്കേസിൽ കോടതിയിൽ അന്വേഷകസംഘം നൽകിയ റിപ്പോർട്ടിലുള്ളത്. ആദ്യ ഗഡുവായിരുന്നു ഇത്. പണം നൽകിയവരുടെയും വാങ്ങിയവരുടെയും ഫോൺവിളി രേഖകളും സ്ഥലത്തെത്തിയതിന്റെ തെളിവും റിപ്പോർട്ടിലുണ്ട്.
തലശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാർഥികളുടെ പത്രിക സൂക്ഷ്‌മ പരിശോധനയിൽ മാർച്ച് 20നാണ് തള്ളിയത്. പത്രിക തള്ളിയതിന്റെ ചർച്ച സംസ്ഥാനത്താകെ നടക്കുന്നതിനിടയിലും കുഴൽപ്പണമിറക്കുന്ന തിരക്കിലായിരുന്നു ബിജെപി നേതൃത്വം. മാർച്ച് 21നുശേഷവും കോടികൾ കണ്ണൂരിൽ എത്തിച്ചിരുന്നു. ഫണ്ട് വിനിയോഗത്തെച്ചൊല്ലി ബിജെപി കണ്ണൂർ ജില്ലാ നേതൃത്വത്തിലുണ്ടായ ഭിന്നത ആർഎസ്‌എസ് നേതൃത്വം ഒതുക്കുകയായിരുന്നു.
എത്ര പണം വന്നു, ഏതൊക്കെ മണ്ഡലത്തിൽ വിതരണംചെയ്‌തു എന്നതിനെച്ചൊല്ലിയായിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള അടിപിടി. ഫണ്ട് വിവാദം ഇപ്പോഴും ബിജെപിയിൽ പുകയുകയാണ്. അഴീക്കോട് മണ്ഡലത്തിലെത്തിയ പണം കാണാതായതും വിവാദമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..