ആലപ്പുഴ
ഓട്ടോകാസ്‌റ്റിനും കേരളത്തിനും അഭിമാന നിമിഷം. പൊതുമേഖലാ വ്യവസായ ചരിത്രത്തിൽ പുത്തൻ അധ്യായം രചിച്ച് ചേർത്തല ഓട്ടോകാസ്‌റ്റ് ഉത്തര റെയിൽവേക്കുള്ള ബോഗി പഞ്ചാബിലേക്ക് റോഡ് മാർഗം അയച്ചു. റെയിൽവേ സ്വകാര്യവൽക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമ്പോഴാണ് വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനം ചരിത്രനേട്ടം സ്വന്തമാക്കിയത്. അമൃത്‌സറിലെ ഉത്തര റെയിൽവേയുടെ സെൻട്രൽ വർക്ക് ഷോപ്പിലേക്കാണ് ചരക്കുവണ്ടികൾക്കുള്ള ബോഗി അയച്ചത്. ഓട്ടോകാസ്‌റ്റിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്‌തു.
2020 മാർച്ചിലാണ് കാസ്‌നബ് ബോഗി നിർമാണ കരാർ ലഭിച്ചത്. കോവിഡ് പ്രതിസന്ധികളുണ്ടായിട്ടും റെക്കോഡ് വേഗത്തിൽ നിർമാണം പൂർത്തിയാക്കി. അഞ്ചുബോഗികളുടെ കരാറാണ് ലഭിച്ചത്. ഇതിൽ ആദ്യത്തേതാണ് പഞ്ചാബിലേക്ക് അയച്ചത്. രണ്ടാമത്തേതിന്റെ നിർമാണം പുരോഗമിക്കുന്നു. സ്വകാര്യ മേഖലയിലെ വമ്പൻ കമ്പനികളോട് മത്സരിച്ചാണ് ഓട്ടോകാസ്‌റ്റ് കരാർ സ്വന്തമാക്കിയത്. പ്രതിവർഷം രണ്ടായിരത്തിലേറെ ബോഗികളാണ് റയിൽവേ വാങ്ങുന്നത്. ഇതിന്റെ 20 ശതമാനം ഓർഡർ ഓട്ടോകാസറ്റിന് നൽകാമെന്ന് ഉറപ്പുമുണ്ട്.
ഒരു ബോഗിക്ക് രണ്ടര ടണ്ണോളമാണ് ഭാരം. രണ്ടു മീറ്റർ വീതിയും രണ്ടര മീറ്റർ നീളവും മുക്കാൽ മീറ്റർ ഉയരവുമുള്ള ബോഗിയുടെ നിർമാണ ചെലവ് രണ്ടര ലക്ഷം രൂപയാണ്. ബോഗി നിർമാണത്തിലൂടെ വിറ്റുവരവിൽ നാലുകോടി രൂപയുടെ വർധനയാണ് പ്രതീക്ഷിക്കുന്നത്. തകർച്ചയിലായിരുന്ന ഈ സ്ഥാപനത്തെ എൽഡിഎഫ് സർക്കാരാണ് കൈപിടിച്ചുയർത്തിയത്. നവീകരണത്തിനും ആധുനികവൽക്കരണത്തിനുമായി 49 കോടിയാണ് സർക്കാർ മുടക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..