കൊച്ചി
വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സമുദായ നിയമങ്ങൾക്കനുസരിച്ചുള്ള വിവാഹമാകാമെങ്കിലും എല്ലാ വിവാഹങ്ങളും നിയമവിധേയമാക്കണമെന്നും കോടതി നിർദേശിച്ചു.
സ്ത്രീധന പീഡനവും ലൈംഗിക പീഡനവും ചൂണ്ടിക്കാട്ടി കുടുംബകോടതി അനുവദിച്ച വിവാഹമോചന ഹർജികൾക്കെതിരായ ഭർത്താക്കന്മാരുടെ അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാതെയുള്ള ലൈംഗികബന്ധം ബലാത്സംഗമാണെന്നും വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി. നിർബന്ധിത ലൈംഗികബന്ധം ഭാര്യയോടുള്ള ക്രൂരതയാണ്. ഇതുമൂലം സ്ത്രീയുടെ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും കോടതി പറഞ്ഞു. ഭർത്താവിന്റെ, സമ്പത്തിനോടുള്ള ആർത്തിയും ലൈംഗികാഭിനിവേശവും സ്ത്രീയുടെ ജീവിതം ദുരിതപൂർണമാക്കും. നിരാശരായ അവർ വിവാഹമോചനത്തിനുവേണ്ടി പണവും ആഭരണവും ഉപേക്ഷിക്കാൻ തയ്യാറാകും.
വിവാഹമോചനത്തിനായുള്ള സ്ത്രീകളുടെ അപേക്ഷകൾ കാലങ്ങളായി കെട്ടിക്കിടക്കുകയാണ്. സമൂഹത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീയുടെ കണ്ണീര് കാണാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..