05 August Thursday

പാണക്കാട്‌ തങ്ങളെയല്ല; കുഞ്ഞാലിക്കുട്ടിയെയാണ്‌ ഇഡി ചോദ്യം ചെയ്യേണ്ടത്‌; തങ്ങൾക്കയച്ച നോട്ടീസ്‌ പിൻവലിക്കണം: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

 തിരുവനന്തപുരം> ചന്ദ്രികപത്രത്തിന്റെ അക്കൗണ്ടിലൂടെ  കള്ളപ്പണം വെളുപ്പിച്ച  കേസിൽ പാണക്കാട്‌ ഹൈദരലി തങ്ങളെയല്ല, പികെ കുഞ്ഞാലിക്കുട്ടിയെയാണ്‌ എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റ്‌(ഇഡി) ചോദ്യം ചെയ്യേണ്ടതെന്ന്‌ കെ ടി ജലിൽ. ആരോഗ്യം മോശമായി ചികിത്സയിലിരിക്കുന്ന പാണക്കാട്‌ തങ്ങളെ ചോദ്യം ചെയ്യുവാനായി ഇഡി അയച്ച നോട്ടീസ്‌ പിൻവലിക്കണമെന്നും കെ ടി ജലീൽ അഭ്യർത്ഥിച്ചു. യഥാർഥ കുറ്റവാളി കുഞ്ഞാലിക്കുട്ടിയാണെന്ന്‌ ഇഡിക്കും അറിയാവുന്നതാണ്‌. ആ കുറ്റവാളി രക്ഷപ്പെടരുതെന്നും കെ ടി ജലീൽ പറഞ്ഞു. 

ചന്ദ്രികയിലുടെ നടന്നിട്ടുള്ള   ക്രയവിക്രയങ്ങൾക്ക്‌  തങ്ങൾ ഉത്തരവാദിയല്ലെന്ന്‌  ഇഡിക്ക്‌ കുഞ്ഞാലിക്കുട്ടി രേഖാമൂലം അറിയിപ്പ്‌ നൽകണം . കുറ്റം ഏറ്റെടുത്ത്‌ ചോദ്യം ചെയ്യലിന്‌ കുഞ്ഞാലിക്കുട്ടി ഹാജരാകണം. പാണക്കാട്‌ തങ്ങളോട്‌ വലിയ ചതിചെയ്‌തിട്ട്‌ കുഞ്ഞാലിക്കുട്ടി സഭയിൽ വന്നിരുന്ന്‌  സുഖിക്കുകയാണ്‌.  പാണക്കാട്‌  കുടുംബത്തേയും ഹൈദരലി ശിഹാബ്‌ തങ്ങളേയും  വഞ്ചിക്കാനും ചതിക്കാനുമാണ്‌ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്‌. ലീഗിന്റെ രാഷ്‌ട്രീയ  സംവിധാനത്തെ നാല്‌ വെള്ളിക്കാശിന്‌  വിറ്റുതുലച്ചു. ചന്ദ്രികാപത്രത്തിന്റെ  അക്കൗണ്ട്‌ കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു. 
 
ചന്ദ്രിക പത്രമിപ്പോൾ  കോടിക്കണക്കിന്‌ രൂപയുടെ ആസ്‌തിയുള്ള ക്ഷേത്രത്തിലെ  ദരിദ്രനായ പൂജാരിയെപോലെയാണ്‌. ചന്ദ്രിക ജീവനക്കാരുടെ പി എഫ്‌ കുടിശികയായി  5 കോടിയോളം രൂപ അടയ്‌ക്കാനുണ്ട്‌. ചുമതലപ്പെട്ടവർക്ക്‌ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്കൃത്യമാണ്‌ അത്‌.   അവിടെ ജീവനക്കാർക്ക്‌   ശമ്പളം ലഭിക്കുന്നില്ല.  കുറച്ചുനാൾ മുമ്പ്‌  അവർ സമരമുഖത്തായിരുന്നു. കേരളത്തിന്‌ പുറത്ത്‌ ചന്ദ്രികയുടെ എഡിഷനുകൾ നിർത്തി.   യുഎഇയിൽ  പത്രം അച്ചടിച്ചിരുന്ന  സ്‌ഥാപനത്തിന്‌ 6 കോടി രൂപ കുടിശിക നൽകാനുണ്ട്‌. ഇതിനായി   നാലര മില്യൻ യുഎഇ ദിർഹം  പിരിച്ചു. എന്നാൽ ഒരു രൂപപോലും ആ  സ്‌ഥാപനത്തിന്‌ കൊടുക്കാതെ  നേരെ ചിലർ പോക്കറ്റിലാക്കി. കുഞ്ഞാലിക്കുട്ടിയുടെ ഗൾഫിലെ സ്‌ഥാപനം  മുഖേനയാണ്‌ ഈ പണം കേരളത്തിലെത്തിയത്‌.  ഇപ്പോ കേരളത്തിന്‌ പുറത്ത്‌ ചന്ദ്രിക പത്രം പ്രസിദ്ധീകരിക്കുന്നത്‌ ഖത്തറിൽ  പിഡിഎഫ്‌  രൂപത്തിൽ മാത്രമാണ്‌.
 
കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരെ കെഎംസിസി  തലപ്പത്ത്‌ പ്രതിഷ്‌ഠിച്ചത്‌ ചന്ദ്രികക്കും  ലീഗിനുമായി പിരിച്ചെടുത്ത  പണം മുഴുവൻ പോക്കറ്റിലാക്കാനാണ്‌.  തങ്ങളേയും തങ്ങൾ കുടുംബത്തേയും സ്‌നേഹിക്കുന്നവർക്ക്‌ വലിയ വേദന നൽകുന്നതാണ്‌ ഇ ഡി അന്വേഷണം.  ലീഗിൽ നിന്ന്‌ ശക്‌തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. 
 
പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങൾ അല്ല കുറ്റവാളിയെന്നും യഥാർഥ കുറ്റവാളി ആരെന്നും ഇഡിക്ക്‌ അറിയാം.  ഈ അവസ്‌ഥയിൽ എന്തിനാണ്‌ ഇ ഡി ഒരു നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. എല്ലാ ഉത്തരവാദിത്വം കുഞ്ഞാലിക്കുട്ടി  ഏറ്റെടുത്ത്‌  മാപ്പ്‌ പറയണമെന്നും കെ ടി ജലീൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top