05 August Thursday

റാങ്ക്‌ ലിസ്‌റ്റ് കാലാവധി 
ചട്ടപ്രകാരം ; ഏതെങ്കിലും ലിസ്‌റ്റുകൾ തെരഞ്ഞെടുത്ത്‌ ചട്ടവിരുദ്ധമായി ആനുകൂല്യം നൽകാൻ കഴിയില്ല : എം കെ സക്കീർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021


തിരുവനന്തപുരം
റാങ്ക്‌ ലിസ്‌റ്റ്‌ കാലാവധി തീരുമാനിക്കുന്നത്‌ ചട്ടപ്രകാരമെന്ന്‌ പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. ഏതെങ്കിലും ലിസ്‌റ്റുകൾ തെരഞ്ഞെടുത്ത്‌ ചട്ടവിരുദ്ധമായി ആനുകൂല്യം നൽകാൻ കഴിയില്ലെന്നും ചെയർമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലിസ്റ്റിന്റെ കാലാവധി കുറഞ്ഞത്‌ ഒരുവർഷവും കൂടിയത്‌ മൂന്നുവർഷവുമാണ്‌. യൂണിഫോംഡ്‌ സേനയുടേത്‌ പട്ടിക അംഗീകരിക്കുന്ന തീയതിമുതൽ ഒരുവർഷത്തേക്കാണ്‌. ഈ കാലാവധിയിൽ റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവുകളിലേക്ക്‌ നിയമനശുപാർശ നടത്തും. കാലാവധിക്ക്‌ ശേഷമുള്ള ഒഴിവുകൾ അവകാശപ്പെടുന്നത്‌ ഉദ്യോഗാർഥികളുടെ അവസരം നിഷേധിക്കുന്നതും ഭരണഘടനാ ലംഘനവുമാണ്‌. പക്ഷപാതമില്ലാതെ ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടതിനാലാണ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണൽ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്‌. ഇത്‌ വെല്ലുവിളിയോ ഏറ്റുമുട്ടലോ അല്ല.   

ദുഷ്‌പ്രചാരണം സ്ഥാപനത്തെയും ഉദ്യോഗാർഥികളെയും വഞ്ചിക്കുന്നതിന്‌ തുല്യമാണ്‌. കോവിഡ്‌ കാലത്ത്‌ നിയമനശുപാർശ, പരിശോധന എന്നിവയ്‌ക്കായി പ്രത്യേക വിഭാഗങ്ങൾ രൂപീകരിച്ചു. 2020 മാർച്ച്‌മുതൽ 2021 ജൂലൈവരെ 30,000 നിയമന ശുപാർശ നൽകി. ബുധനാഴ്‌ച കാലാവധി അവസാനിക്കുന്ന റാങ്ക്‌ ലിസ്‌റ്റുകളിൽനിന്നുള്ള നിയമനശുപാർശയ്‌ക്ക്‌ പ്രത്യേക സംവിധാനം ഒരുക്കി. ബുധനാഴ്‌ച രാത്രി 11.59 വരെ റിപ്പോർട്ട്‌ ചെയ്യുന്ന എല്ലാ ഒഴിവുകളിലും ഈ പട്ടികയിൽനിന്ന്‌ ശുപാർശ നൽകുമെന്നും ചെയർമാൻ പറഞ്ഞു.

സർട്ടിഫിക്കറ്റ്‌ പരിശോധന : ഉദ്യോഗാർഥികൾ വരേണ്ട 
‘പ്രതിനിധി’ മതി
പിഎസ്‌സിയുടെ സർട്ടിഫിക്കറ്റ്‌ പരിശോധനയ്‌ക്ക്‌ ഇനിമുതൽ ഉദ്യോഗാർഥികൾ വരണമെന്ന്‌ നിർബന്ധമില്ല. പകരം ഉദ്യോഗാർഥി ആധികാരികമായി ചുമതലപ്പെടുത്തിയ വ്യക്തി വന്നാൽ മതിയാകും. ഈ സൗകര്യം ഉടൻ നിലവിൽ വരും. ഇതിനായി ഉദ്യോഗാർഥി പ്രൊഫൈലിൽ അപേക്ഷ നൽകണം. സർട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഓൺലൈൻ വഴി മറുപടി നൽകാം. കോവിഡ്‌ സാഹചര്യമായതിനാലും വിദേശത്തായതിനാലും നേരിട്ടെത്താൻ ഉദ്യോഗാർഥികൾക്ക്‌ പ്രയാസം നേരിടുന്നത്‌ കണക്കിലെടുത്താണ്‌ തീരുമാനം. എന്നാൽ അഭിമുഖത്തിന്‌ നേരിട്ടെത്തണം.

എൽഡിസി: കൂടുതൽ 
നിയമനം നിലവിലെ 
ലിസ്‌റ്റിൽ
എൽഡിക്ലർക്ക്‌ തസ്‌തികയിൽ ഏറ്റവും കൂടുതൽ നിയമനശുപാർശ നിലവിലെ ലിസ്‌റ്റിൽ നിന്ന്‌. 35,361 ഉദ്യോഗാർഥികളിൽ നിന്ന്‌ ജൂലൈ 30 വരെ 10,434 പേർക്ക്‌ ശുപാർശ നൽകി, 29.28 ശതമാനം. 1401 ഒഴിവ്‌ കൂടി ശുപാർശ ചെയ്യാനുണ്ട്. 2012ലെ ലിസ്‌റ്റിൽ 56,807 പേരിൽ നിന്ന്‌ 11,830 (20.82ശതമാനം), 2015ൽ പുറത്തിറങ്ങിയ ലിസ്‌റ്റിലെ 48,687 പേരിൽ നിന്ന്‌ 11,452 (23.52ശതമാനം) ശുപാർശ ചെയ്‌തു.

നിലവിലെ എൽജിഎസ്‌ റാങ്ക്‌ പട്ടികയിൽ നിന്ന്‌ ഇതിനകം 7090 നിയമന ശുപാർശ നൽകി. 981 ഒഴിവുകൂടി ശുപാർശ ചെയ്യാനുണ്ട്‌. ഇതും കൂടിയാകുമ്പോൾ 8071 ആകും. ഇതോടെ ആകെ നിയമന ശുപാർശ 17.42 ശതമാനം.

എൽജിഎസ്, 
എൽഡിസി മെയിൻ 
പരീക്ഷ ഒക്ടോബറിൽ
എൽജിഎസ്, എൽഡിസി മെയിൻ പരീക്ഷ ഒക്ടോബറിൽ. പ്രാഥമിക പരീക്ഷയുടെ 56 ലക്ഷം പേപ്പറുകളുടെ മൂല്യനിർണയം പൂർത്തിയായി. എൽപി,  യുപി അധ്യാപകരുടെ റാങ്ക് ലിസ്റ്റ്‌ ഒന്നര മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top