ന്യൂഡൽഹി > കൊച്ചി ഉദ്യോഗമണ്ഡൽ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്(എച്ച്‌ഐഎൽ) യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് കത്ത് നൽകി. അടച്ചുപൂട്ടാൻ നിതി ആയോഗ് തയ്യാറാക്കിയ പട്ടികയിൽ സ്ഥാപനവുമുണ്ട്. എച്ച്ഐഎൽ മാനേജ്മെന്റും അതിന് തയ്യാറായി. കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. ആ മേഖലയിലെ ഏക കീടനാശിനി നിർമാണ കമ്പനിയും. മാനേജ്മെന്റിന്റെ നിരുത്തരവാദ നിലപാടാണ് ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്.
കുറച്ച് വർഷമായി എല്ലാ അധികാരവും ഡൽഹി ആസ്ഥാനത്ത് നിക്ഷിപ്തമാക്കി. അസംസ്‌കൃത വസ്തുക്കൾപ്പോലും നൽകിയില്ല. ശരിയായ ആസൂത്രണമില്ലാതെ വലിയ നഷ്ടത്തിലേക്ക് നീങ്ങുകയാണ്. ട്രേഡ് യൂണിയനുകളെ കേൾക്കാതെ മാനേജ്മെന്റ് എടുത്ത ഏകപക്ഷീയ നടപടിയാണ് അടച്ചുപൂട്ടൽ. യൂണിറ്റിന്റെ പുനരുജ്ജീവന സാധ്യതകൾ എത്രയുംവേഗം തേടണം. അല്ലെങ്കിൽ ഫാക്ടിന്റെ സബ്സിഡിയറി യൂണിറ്റാക്കി തൊഴിലാളികളെ സംരക്ഷിക്കണം. ഈ യൂണിറ്റിനെമാത്രം ആശ്രയിക്കുന്ന 250 തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ നടപടി ഉണ്ടാകണം. ഏലൂരിൽ കണ്ടെയ്നർ റോഡിന് സമീപത്തെ എച്ച്ഐഎൽ ഭൂമി ഫാക്ടിന് ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും–-കത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..