വൈപ്പിൻ > പെട്രോനെറ്റ് എൽഎൻജി സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന പരിഗണന നൽകി പുതുവൈപ്പിൽ സിഎൻജി പമ്പുകൾ സ്ഥാപിക്കുന്ന കാര്യം ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് കമ്പനിയുടെ പരിഗണനയിലിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ഗെയിൽ പദ്ധതി സംബന്ധിച്ച കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ സബ്മിഷന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനായി പ്രദേശത്ത് സർവേ നടത്തേണ്ടതുണ്ട്. പെട്രോനെറ്റ് സിഎൻജി പദ്ധതിപ്രദേശം സ്ഥിതി ചെയ്യുന്ന പുതുവൈപ്പ് ഉൾപ്പെടുന്ന എളങ്കുന്നപ്പുഴ പഞ്ചായത്ത് ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും എൽഎൻജിയും സിഎൻജിയും സൗജന്യ നിരക്കിൽ ലഭ്യമാക്കണമെന്ന് ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു. മണ്ഡലത്തിൽ ഫില്ലിങ് സ്റ്റേഷനും അനുവദിക്കണം.
പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 13,350 കുടുംബങ്ങൾക്ക് സൗജന്യമായി ദ്രവീകൃത പ്രകൃതിവാതകം ലഭ്യമാക്കുകയും സിറ്റി ഗ്യാസ് പദ്ധതി വൈപ്പിൻ മണ്ഡലത്തിലേക്ക് വ്യാപിപ്പിച്ച് വീടുകൾക്കും റസ്റ്റോറന്റുകൾക്കും കണക്‌ഷൻ നൽകുകയും വേണം.
പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്റെ ആതിഥേയരായ മണ്ഡലത്തിലെ ജനങ്ങൾക്ക് അതിന്റെ ഗുണഫലം അനുഭവിക്കുന്ന സാഹചര്യമൊരുക്കാൻ സർക്കാർ ഇടപെടണമെന്ന് ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം വി ഗോവിന്ദനാണ് രേഖാമൂലം മറുപടി നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..