ന്യൂഡൽഹി
തുടർച്ചയായി 12–-ാം ദിവസവും സ്‌തംഭിച്ച് പാർലമെന്റിലെ ഇരുസഭകളും. രാജ്യസഭയിൽ പ്രതിഷേധിച്ചതിന് തൃണമൂൽ കോൺഗ്രസിലെ ആറുപേരെ സഭാധ്യക്ഷൻ വെങ്കയ്യ നായിഡു ഒരു ദിവസത്തേക്ക് പുറത്താക്കി. പെഗാസസ് വിഷയത്തിൽ പ്രതിഷേധിക്കുന്നതിനെ സ്‌പീക്കർ ഓം ബിർള ലോക്‌സഭയിൽ വിമർശിച്ചു. പെഗാസസിൽ ചർച്ച അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിലാണ് പാർലമെന്റിന്റെ ഇരുസഭകളും ബുധനാഴ്‌ചയും സ്‌തംഭിച്ചത്. അതിനിടെ ചർച്ചയില്ലാതെ ചില ബില്ലുകൾ ഇരുസഭകളും ബുധനാഴ്‌ച പാസാക്കി.
ഇരുസഭയിലും പെഗാസസ് ഫോൺചോർത്തലിൽ പ്രതിപക്ഷാംഗങ്ങളുടെ അടിയന്തരപ്രമേയ നോട്ടീസുകൾ സഭാധ്യക്ഷർ നിരാകരിച്ചു. കർഷകസമരത്തിൽ രാജ്യസഭയിൽ വി ശിവദാസൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് നിരാകരിക്കുകയാണെന്ന് അറിയിച്ച വെങ്കയ്യ നായിഡു മറ്റൊരു ചട്ടപ്രകാരം ചർച്ച അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
കർഷകരുടെ വിഷയം ഗൗരവമുള്ളതാണെന്നും വെങ്കയ്യ അഭിപ്രായപ്പെട്ടു. പെഗാസസിൽ എളമരം കരീമും ബിനോയ് വിശ്വവും നൽകിയ അടിയന്തരപ്രമേയ നോട്ടീസുകൾ സഭാധ്യക്ഷൻ തള്ളി. ഇതോടെ അംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധിച്ചു. ജയ് ജവാൻ, ജയ് കിസാൻ മുദ്രാവാക്യങ്ങൾ ഉയർന്നു. സഭ പകൽ 12വരെ നിർത്തി. വീണ്ടും ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെയാണ് തൃണമൂൽ അംഗങ്ങളെ പുറത്താക്കിയത്.
രാജ്യസഭയിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്‌ണർഷിപ് ഭേദഗതി ബില്ലും എയർപോർട്ട് ഇക്കണോമിക് അതോറിറ്റി ഓഫ് ഇന്ത്യ ഭേദഗതി ബില്ലും ലോക്‌സഭയിൽ രാജ്യതലസ്ഥാന മേഖലയിൽ വായു മലിനീകരണ നിയന്ത്രണ കമീഷൻ രൂപീകരണ ബില്ലും നാളികേര വികസന ബോർഡ് ഭേദഗതി ബില്ലും പാസാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..