അരൂർ > "പെട്രോൾ വില നാൾക്കുനാൾ കൂടിയപ്പോൾ ഉണ്ടായിരുന്ന ബൈക്ക് ചെറിയ വരുമാനത്തിൽ കൊണ്ടു നടക്കാൻ കഴിയാതായപ്പോൾ വിറ്റു" ചങ്ങാതി ഷാഹുൽ ഹമീദിനെയും കൂട്ടി കാൽനടയാത്ര തുടങ്ങിയ അൻസിൽ അസീസിൻ്റെ വാക്കുകൾ. ഇവരുടെ യാത്ര നാട്ടുവഴികളിലൂടെയല്ല. ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കൾ നടക്കുന്നത് കന്യാകുമാരി ക്കാണ്. ബക്രീദ് ദിനത്തിൽ രാവിലെ 9 ന് തിരിച്ച യാത്ര ആലപ്പുഴ തുറവൂരിലെത്തുമ്പോൾ 15 ദിനങ്ങളിൽ പിന്നിട്ടത് 220 കിലോമീറ്റർ.
കോഴിക്കോട് വെസ്റ്റ് കൈതപ്പോയിൽ പുഴങ്കുന്നുമൽ വീട്ടിൽ അസീസിൻ്റെയും റസീനയുടെയും മകനാണ് 20കാരനായ അൻസിൽ. പ്ലസ് ടു പഠനം പൂർത്തിയായ ശേഷം നാട്ടിലെ ബേക്കറിയിൽ ജോലിക്ക് കയറി. കുന്നമംഗലം തറയിൽ സലാവുദ്ദീൻ - റംല ദമ്പതികളുടെ മകനായ ഷാഹുൽ ഹമീദിന് വയസ് വെറും പതിനെട്ട്. പ്ലസ് ടു പൂർത്തിയായി. വാട്ട്സാപ്പ് കൂട്ടായ്‌മയിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. അങ്ങനെ തുടങ്ങിയ ചങ്ങാത്തം പ്രതിഷേധ യാത്രയ്‌ക്ക് വിത്ത് പാകി. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ബോധ്യപ്പെട്ടതോടെ യാത്ര തുടങ്ങി. പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ രണ്ട് പേർ മാത്രം പോകുന്നതാണ് നല്ലത് എന്ന് നിർദേശം.
"വെറും 280 രൂപയുമായാണ് വീട്ടിൽ നിന്നിറങ്ങിയത്. നാൽപത് കിലോമീറ്റർ യാത്ര ചെയ്‌ത് ഷാഹുലിൻ്റെ വീട്ടിലെത്തി അവനെയും കൂട്ടി"അൻസിൽ തുടർന്നു. പെട്രോൾ വില വർധനയിൽ പ്രതിഷേധിച്ച് കോഴിക്കോട് നിന്ന് കന്യാകുമാരിയിലേയ്‌ക്ക് കാൽനടയാത്ര എന്ന പ്ലക്കാർഡും തൂക്കിയാണ് യാത്ര. എല്ലാ ദിവസവും രാവിലെ ഒമ്പതോടെ യാത്ര തുടങ്ങും. അഞ്ചിന് അവസാനിപ്പിച്ച് തങ്ങും. സംസ്ഥാന വിവിധ സഞ്ചാര കൂട്ടായ്‌മയുടെ ഭാരവാഹികളുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അംഗങ്ങളുടെ വീടുകളിലും ക്ലബ്ബുകളിലും ടെൻഡടിച്ചാണ് കിടപ്പ്. ഓരോ പ്രദേശത്തെത്തുമ്പോൾ നാട്ടുകാരും ജനപ്രതിനിധികളും അറിഞ്ഞ് വന്ന് ഭക്ഷണത്തിനും മറ്റുമായി പണം തന്ന് സഹായിക്കും. ആലപ്പുഴയിലേയ്‌ക്കുള്ള പ്രവേശന കവാടമായ അരൂരിലെത്തിയപ്പോൾ പോലീസുകാർ സഹായിച്ചത് മറക്കാനാകില്ലെന്ന് ഇരുവരും പറയുന്നു.
കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യപ്പെട്ട യാത്ര രാമനാട്ടുകര, മലപ്പുറം ചേളാരി, താനൂർ, പൊന്നാനി, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, നെട്ടൂർ വഴി തുറവൂരിലെത്തുമ്പോൾ ദൂരം പിന്നിട്ടതറിഞ്ഞില്ല. ഇനിയും പിന്നിടാനുള്ള് 270 കിലോമീറ്റർ ദൂരം കൂടി. ഇവരുടെ യാത്രയുടെ ദൃശ്യങ്ങളും മറ്റും എല്ലാ ദിവസങ്ങളിലും "അൻസിൽ മാസ് ബ്ലോഗ് " എന്ന പേരിൽ യു ട്യൂബിൽ അപ് ലോഡും ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..