02 August Monday

കോൺട്രാക്‌ടറെ വീട്ടിൽക്കയറി വെട്ടിയ ബിജെപി ക്വട്ടേഷൻസംഘം അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

രതീഷ്‌ , ജിഷ്‌ണു, അഭിലാഷ്‌ ,സുധീഷ്‌

പരിയാരം > ബാങ്ക്‌ ജീവനക്കാരിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത്‌ മൂന്നര മാസം മുമ്പ്‌ കോൺട്രാക്ടറെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച നാലംഗ സംഘം അറസ്റ്റിൽ. അതിയടത്തെ പി വി സുരേഷ്ബാബു (52)വിനെ വധിക്കാൻ ശ്രമിച്ച കേസിൽ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26),  കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലതിയടം പാലയാട്ടെ കെ രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി സുധീഷ് (39) എന്നിവരെയാണ് പരിയാരം എസ്ഐ  കെ വി സതീശൻ അറസ്റ്റുചെയ്തത്. ബിജെപിയുടെ ക്വട്ടേഷൻസംഘത്തിൽപ്പെട്ടവരാണിവർ.
 
ക്വട്ടേഷൻ നൽകിയ കണ്ണൂർ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥ സീമ ഒളിവിലാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇവർ കോട്ടയം ഭാഗത്തുണ്ടെന്നാണ്‌ വിവരം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്‌. പൊലീസ് പറയുന്നത്‌ ഇങ്ങനെ: കഴിഞ്ഞ ഏപ്രിൽ 18നാണ്‌ ക്വട്ടേഷൻപ്രകാരം സുരേഷ്ബാബുവിനെ ആക്രമിച്ചത്‌. അതിനും രണ്ട് മാസം മുമ്പാണ് കണ്ണൂർ പടന്നപ്പാലത്ത് ഫ്ലാറ്റിൽ താമസിക്കുന്ന സീമ ക്വട്ടേഷൻ നൽകാൻ രതീഷുമായി ബന്ധപ്പെടുന്നത്. മുമ്പ്‌ പരിയാരം മെഡിക്കൽ കോളേജിനുസമീപത്തെ നീതി മെഡിക്കൽ സ്റ്റോറിൽ ജോലിചെയ്തിരുന്ന സമയത്ത് സീമയ്‌ക്ക്‌ രതീഷിനെ പരിചയമുണ്ടായിരുന്നു. തന്റെ ഭർത്താവിനെ സുരേഷ്ബാബു വഴിതെറ്റിക്കുകയാണെന്നും തന്നോട്  വാങ്ങിയ പണം തിരികെത്തരാതെ വഞ്ചിക്കുകയാണെന്നും അവനെ കുറച്ചുനാൾ കിടത്തണമെന്നുമാണ്‌ രതീഷിനോട് പറഞ്ഞത്‌.
 
രതീഷ് ക്വട്ടേഷൻ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പാക്കാൻ തീരുമാനിക്കുകയുംചെയ്തു. മൂവരും കണ്ണൂരിലെ ബാങ്ക് ശാഖയിലെത്തി സീമയെ കണ്ട്‌ മൂന്ന്‌  ലക്ഷം രൂപയ്‌ക്ക്‌ ക്വട്ടേഷൻ ഉറപ്പിച്ചു. മറ്റൊരു ദിവസം സംഘവും സീമയും കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഐസ് ക്രീം പാർലറിൽ സന്ധിച്ചു. സീമ 10,000 രൂപ അഡ്വാൻസ് നൽകി. കൃത്യം നടത്താൻ ഇന്നോവ കാർ വാടകയ്‌ക്കെടുത്തത് അപകടത്തിൽപെട്ടതിനാൽ തിരിച്ചുകൊടുക്കേണ്ടിവന്നു. ഈ സമയത്താണ് ഇവർ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്. ഏപ്രിൽ 18ന് വൈകിട്ട്‌ കാറുമായി  നെരുവമ്പ്രത്ത് എത്തിയ സുധീഷ് മൂവരെയും കൂട്ടി സുരേഷ്ബാബുവിന്റെ വീട്ടിലെത്തി.
 
ജിഷ്ണുവാണ് വെട്ടിയത്. നിലവിളി കേട്ട് ബന്ധുക്കളും അയൽക്കാരും എത്തുമ്പോഴേക്കും അക്രമികൾ കാറിൽ രക്ഷപ്പെട്ടു. വെട്ടാനുപയോഗിച്ച വടിവാൾ രാമപുരം പുഴയിലെറിഞ്ഞു. ഇത് തളിപ്പറമ്പിലെ ഒരു കടയിൽനിന്നാണ് വാങ്ങിയതെന്ന് സമ്മതിച്ചിട്ടുണ്ട്. സുധീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്‌തു. അന്വേഷകസംഘത്തിൽ എസ്ഐ ദിനേശൻ, എഎസ്ഐമാരായ നൗഫൽ അഞ്ചില്ലത്ത്, നികേഷ്, സിപിഒമാരായ കെ വി മനോജ്, പി വി മഹേഷ് എന്നിവരും ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top