ബത്തേരി
വയനാട്ടിൽ ഭീതിവിതച്ച കടുവ ഒടുവിൽ കൂട്ടിലായി. ജനവാസ കേന്ദ്രങ്ങളിൽ മൂന്ന് മാസത്തോളം ഭീതി വിതച്ച കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. മീനങ്ങാടി പഞ്ചായത്തിലെ സീസി ഭൂദാനം ഗവ. എൽപി സ്‌കൂളിന് സമീപത്തെ മണ്ഡകവയലിലാണ് ഞായറാഴ്‌ച രാവിലെ അഞ്ചരയോടെ ആറ് വയസുള്ള പെൺകടുവ കെണിയിലായത്. കഴിഞ്ഞ മൂന്ന് മാസത്തോളം വനത്തിൽനിന്ന് ഏറെ അകലമുള്ള ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.
കോഴിക്കോട്–- കൊല്ലഗൽ 766 ദേശീയപാതയിൽ ഉൾപ്പെടെ കടുവയെ കണ്ടതോടെ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. വിവിധയിടങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ചിത്രം പതിഞ്ഞതോടെ കാൽപ്പാടുകൾ കൂടുതലായി കണ്ട മണ്ഡകവയലിൽ 20 ദിവസം മുമ്പാണ് കൂട് സ്ഥാപിച്ചത്. കടുവയ്‌ക്ക് വനം വകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്താനായില്ല.
ചെതലയം റെയിഞ്ചിലെ ഇരുളം ഫോറസ്‌റ്റ് സ്‌റ്റേഷനിൽ കൂട്ടിൽ തന്നെ സൂക്ഷിച്ച കടുവയെ കാട്ടിൽ തുറന്ന് വിടുകയോ മൃഗശാലയിലേക്ക് കൊണ്ടുപോവുകയോ ചെയ്യും. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം സീനിയർ വെറ്ററിനറി സർജൻ നൽകുന്ന റിപ്പോർട്ട് പ്രകാരം മുഖ്യ വൈൽഡ് ലൈഫ് വാർഡനായിരിക്കും തീരുമാനമെടുക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..