02 August Monday

വറുതിയകലുമെന്ന പ്രതീക്ഷയിൽ ബോട്ടുകൾ മടങ്ങിയെത്തി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

ട്രോളിംഗിന് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ ഇന്ന് രാവിലെ മടങ്ങിയെത്തിയതിനെ തടർന്ന് സജീവമായ വൈപ്പിൻ കാളമുക്ക് ഹാർബർ. ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

കൊച്ചി > ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധനത്തിനായി പോയ ബോട്ടുകൾ ഹാർബറുകളിൽ എത്തിത്തുടങ്ങി. 52 ദിവസത്തെ നിരോധന കാലയളവിനുശേഷം ഞായറാഴ്‌ച പുലർച്ചെയോടെയാണ്‌ ബോട്ടുകൾ പോയത്‌.

കോവിഡ് കാലത്തെ രണ്ടുതവണയായുള്ള അടച്ചുപൂട്ടലും പിറകെയെത്തിയ ട്രോളിങ്‌ നിരോധനവും കഴിഞ്ഞ്‌,  കിടപ്പാടം വരെ പണയം വച്ചാണ് പല ബോട്ടുകളും അറ്റകുറ്റപ്പണി തീർത്ത്‌ കടലിലിറക്കിയത്. പലർക്കും ബാങ്കുകളിൽ വലിയ ബാധ്യതയുണ്ട്‌. കോവിഡിനെ പ്രതിരോധിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ഹാർബർ തുറന്നത്. ഓരോ ബോട്ടിലും 10 മുതൽ 15 വരെ തൊഴിലാളികളാണുള്ളത്.

മത്സ്യത്തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ഐസ് കമ്പനികൾ, മൊത്ത, ചെറുകിട കച്ചവടക്കാർ, പാക്കിങ്‌, അനുബന്ധ തൊഴിലാളികൾ, വാഹനങ്ങൾ, ഡ്രൈവർമാർ തുടങ്ങി പതിനായിരക്കണക്കിന് കുടുംബങ്ങളാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നത്‌. നാലു  മുതൽ അഞ്ചു ദിവസംവരെ കടലിൽ തങ്ങി മീൻപിടിക്കുന്ന ബോട്ടുകൾക്ക് പുലർച്ചെ  മൂന്നുമുതൽ ഏഴുവരെ മാത്രമേ മീൻ വിൽപ്പന അനുവദിക്കൂ.

ഒരു ദിവസം പരമാവധി 35 ബോട്ടുകൾക്ക്  മാത്രമേ മത്സ്യം വിൽക്കാനാവൂ. പെർമിറ്റെടുക്കാതെ മീൻപിടിക്കാനിറങ്ങിയാൽ നടപടിയുണ്ടാവും.  ഹാർബറിലേക്ക് പ്രവേശിക്കാനും  മൻപിടിക്കാനും  ഏഴുദിവസത്തിനുള്ളിൽ എടുത്ത  കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ 2 ഡോസ് വാക്‌സിനെടുത്തവർക്ക് തൊഴിൽ പരമായ ആവശ്യങ്ങൾക്ക് പ്രവേശനം അനുവദിക്കും.

ഇന്ധന വിലവർധനയും വിദേശ ട്രോളറുകളുമാണ്  ബോട്ടുടമകളെ പ്രയാസപ്പെടുത്തുന്നത്.  ഇതരസംസ്ഥാന തൊഴിലാളികളെത്താൻ വൈകിയതിനാൽ 70 ശതമാനത്തോളം പ്രദേശിക തൊഴിലാളികൾ തന്നെയാണ് ബോട്ടിൽ കയറിയത്. കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ഹാർബറുകൾ കേന്ദ്രീകരിച്ച്  പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാനും വാർത്താവിനിമയ സംവിധാനങ്ങൾ ബോട്ടുകളിൽ നിർബന്ധമാക്കാനും ഫിഷറീസ് വകുപ്പ് നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top