02 August Monday

മണിപ്പുർ കോൺഗ്രസ് മുന്‍ അധ്യക്ഷൻ ബിജെപിയിൽ ; അസമിൽ കോൺഗ്രസ്‌ എംഎൽഎ 
സുശാന്തയും ബിജെപിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021


ന്യൂഡൽഹി
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം തുടരുന്നു. ദിവസങ്ങൾക്കുമുമ്പ്‌ രാജിവച്ച മണിപ്പുർ കോൺഗ്രസ്‌ അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജാം ബിജെപിയിൽ ചേർന്നു. അസമിൽ രണ്ട്‌ തവണ എംഎൽഎയായ സുശാന്ത ബോർഗോഹെയ്ൻ കോൺഗ്രസിൽനിന്ന്‌ രാജിവച്ച്‌ ബിജെപി യിലെത്തി. തോറയിൽനിന്ന്‌ ജയിച്ച പ്രബല നേതാവാണ്‌ സുശാന്ത. ആഭ്യന്തര കലഹമാണ്‌ തീരുമാനത്തിനു കാരണമെന്ന്‌ രാജിക്കത്തിൽ പറഞ്ഞു. ഹിമന്ദ ബിസ്വസർമയുടെ  ബിജെപി സർക്കാർ വന്നശേഷം രാജിവച്ച രണ്ടാമത്തെ കോൺഗ്രസ്‌ എംഎൽഎയാണിദ്ദേഹം. രൂപ്‌ജ്യോതി കുർമി ജൂണിൽ രാജിവച്ചിരുന്നു.

മുഖ്യമന്ത്രി ബിരേൺ സിങ്‌, സംസ്ഥാന ബിജെപി അധ്യക്ഷ എ ശാരദദേവി, സംസ്ഥാനത്തിന്റെ ചുമതലയുള്ള സംബിത് പത്ര തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്‌ ഗോവിന്ദാസ് കോന്തൗജാം ബിജെപിയിൽ ചേർന്നത്‌. കൂടുതൽ നേതാക്കൾ ബിജെപിയിലെത്തുമെന്ന്‌ മുൻ കോൺഗ്രസ്‌ നേതാവായ ബിരേൺ സിങ്‌ പ്രതികരിച്ചു. ബിഷ്‌ണുപുരിൽനിന്ന്‌ തുടർച്ചയായി ആറ്‌ തവണ എംഎൽഎയായ ഗോവിന്ദാസിനെ ഡിസംബറിലാണ്‌ അധ്യക്ഷനായി സോണിയ ഗാന്ധി നിയോഗിച്ചത്‌. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ കോൺഗ്രസിനിത്‌ കനത്തപ്രഹരമാണ്‌ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top