02 August Monday

പ്രശസ്‌ത പിന്നണി ഗായിക കല്ല്യാണി മേനോൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ചെന്നൈ > പ്രശസ്‌ത പിന്നണി ഗായിക കല്ല്യാണി മേനോൻ (70) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്‌ കുറച്ചുനാളുകളായി ചെന്നൈയിൽ ചികിത്സയിലായിരുന്നു. പവനരച്ചെഴുതുന്നു, ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്പിളി, എന്നിവയാണ് പ്രശസ്‌ത മലയാള ഗാനങ്ങള്‍. കൊച്ചി കാരയ്ക്കാട്ട്  മാറായിൽ കുടുംബാംഗവും സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്റെ അമ്മയുമാണ്. മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്‌.

1973ൽ തോപ്പിൽ ഭാസി സംവിധാനം ചെയ്‌ത 'അബല'യാണ് ആദ്യമായി പാടിയ ചിത്രം. ചേർത്തല ശിവരാമൻ നായർ ആയിരുന്നു ഗുരു. യേശുദാസും കല്ല്യാണിയും ഒരേസമയം ചേർത്തല ശിവരാമൻ നായരുടെ സംഗീതക്ലാസിൽ വിദ്യാർഥികളായിരുന്നു. വർഷങ്ങൾക്ക്‌ ശേഷം ഇരുവരും ഒരുമിച്ചുപാടാൻ തുടങ്ങി.

യേശുദാസും കല്ല്യാണി മേനോനും

യേശുദാസും കല്ല്യാണി മേനോനും

79 ല്‍ ശിവാജി ഗണേശന്റെ "നല്ലതൊരു കുടുംബ' മെന്ന സിനിമയിലൂടെയാണ്‌ തമിഴിൽ അരങ്ങേറ്റം. അലൈപായുതേ, മുത്തു, കാതലന്‍  തുടങ്ങിയ സിനിമകളില്‍ എ ആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി. അലൈപായുതേ എന്ന ചിത്രത്തിലെ അലൈപായുതേ, കാതലൻ എന്ന ചിത്രത്തിലെ ഇന്ദിരയോ ഇവൾ സുന്ദരിയോ, വിണ്ണൈതാണ്ടി വരുവായയിലെ ഓമന പെണ്ണേ തുടങ്ങിയവ എക്കാലത്തേയും സംഗീതാസ്വാദകരുടെ ഇഷ്‌ടഗാനങ്ങളാണ്‌. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ "96' ലെ കാതലേ..കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്‌കാര ജേതാവാണ്.

രാജീവ് മേനോന്റെ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്‌തു. ഐശ്വര്യ റായിയുടെ കഥാപാത്രത്തിന്റെ സംഗീത അധ്യാപികയുടെ വേഷമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top