Latest NewsNewsIndia

മെഡിക്കല്‍ കോളേജുകളില്‍ ഒബിസി സംവരണം നടപ്പാക്കാനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍

വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

ന്യൂഡൽഹി: മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഒ ബി സി വിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളില്‍ ബിരുദ കോഴ്സുകളിലേക്കും (എം ബി ബി എസ്, ബി ഡി എസ്) ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തില്‍ സംവരണം ബാധകമായിരിക്കും. അഖിലേന്ത്യാ ക്വോട്ടയുടെ കീഴില്‍ എസ് സി, എസ് ടി വിഭാഗത്തില്‍പ്പെടുന്ന മത്സരാര്‍ത്ഥികള്‍ക്ക് നിലവില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ഒ ബി സി, ഇ ഡബ്‌ള്യൂ എസ് വിഭാഗങ്ങള്‍ക്ക് ഇതുവരെ സംവരണം അനുവദിച്ചിട്ടില്ല.

നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയതിന് ശേഷം പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ കൗണ്‍സിലിംഗ് സെഷനുകളില്‍ പങ്കെടുക്കണം. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, ബിരുദ തലത്തിലുള്ള മെഡിക്കല്‍ കോഴ്സുകളില്‍ 15 ശതമാനം സീറ്റുകളും ബിരുദാനന്തര ബിരുദ തലത്തിലുള്ള കോഴ്സുകളില്‍ 50 ശതമാനം സീറ്റുകളും കേന്ദ്രം നേരിട്ടാണ് അനുവദിക്കുന്നത്. ശേഷിക്കുന്ന സീറ്റുകള്‍ സംസ്ഥാന തലത്തിലാണ് അനുവദിക്കുന്നത്. നിലവിലെ ചട്ടങ്ങള്‍ പ്രകാരം, എസ് സി വിഭാഗങ്ങള്‍ക്ക് 15 ശതമാനം സീറ്റുകളും എസ് ടി വിഭാഗങ്ങള്‍ക്ക് 7.5 ശതമാനം സീറ്റുകളുമാണ് സംവരണം ചെയ്തിട്ടുള്ളത്. ഒ ബി സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സീറ്റുകളും സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സീറ്റുകളും സംവരണം ചെയ്യാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല.

Read Also: പൗരത്വ നിയമത്തെ ഹിന്ദു-മുസ്ലീം വിഷയമാക്കാന്‍ ശ്രമം: നിലപാട് വ്യക്തമാക്കി ഡോ.മോഹന്‍ ഭാഗവത്

മെഡിക്കല്‍ കോളേജുകളില്‍ ഓ ബി സി സംവരണം നടപ്പിലാക്കണം എന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം യോഗം ചേര്‍ന്നു എന്നാണ് ലഭിക്കുന്ന വിവരം. ഒ ബി സി വിഭാഗങ്ങള്‍ക്ക് മാത്രമല്ല, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകള്‍ സംവരണം ചെയ്യണം എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട് എന്നും സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. രണ്ട് മന്ത്രാലയങ്ങളും ചേര്‍ന്നാണ് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശന നടപടികളുടെ മേല്‍നോട്ടം വഹിക്കുന്നത് എന്നതിനാല്‍ ഇരു വകുപ്പുകളോടും ഈ വിഷയം സംബന്ധിച്ച്‌ കരടുരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് വികേന്ദ്രീകരിക്കണം എന്ന ആവശ്യവും പല ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച്‌ നീറ്റ് പരീക്ഷയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രകടനം മോശമാണെന്നാണ് നീറ്റ് പരീക്ഷ അവലോകനം ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ അവകാശപ്പെടുന്നത്. നീറ്റ് പരീക്ഷ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പും ശേഷവും എം ബി ബി എസ് കോഴ്സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം പരിശോധിച്ചാണ് പ്രസ്തുത സമിതി ഈ നിഗമനത്തിലെത്തിയത്.

shortlink

Post Your Comments


Back to top button