28 July Wednesday
വിജിലന്‍സ്‌ മിന്നല്‍ പരിശോധന

വാളയാർ ആർടിഒ ചെക്‌പോസ്റ്റില്‍നിന്ന്‌ 1.71 ലക്ഷം കൈക്കൂലിപണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
 പാലക്കാട്> വാളയാറിലെ മോട്ടോർ വാഹന ചെക്‌പോസ്റ്റിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ 1,71,975 രൂപ  കൈക്കൂലി പണം പിടികൂടി. ഞായറാഴ്ച രാത്രി മുതൽ ചെക്‌പോസ്റ്റ് നിരീക്ഷിച്ച വിജിലൻസ് തിങ്കളാഴ്ച പുലർച്ചെയാണ് പരിശോധന നടത്തിയത്. 
     
മോട്ടോർ വാഹന ചെക്‌പോസ്റ്റിന് സമീപത്തെ ഒരു ഡ്രൈവറാണ് ഉദ്യോ​ഗസ്ഥർക്ക് വേണ്ടി പണം പിരിച്ചിരുന്നത്. ഇയാളിൽ നിന്ന് 1,70,000 രൂപയും ചെക്‌പോസ്റ്റിനകത്ത് സൂക്ഷിച്ച 1975 രൂപയുമാണ് കണ്ടെത്തിയത്. 
 
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി എം ഷാജി, എഎംവിഐമാരായ അരുൺകുമാർ, ജോസഫ് റോഡ്രി​ഗസ്, ഷബീറലി, ഒ എ റിഷാദ് എന്നിവരാണ് പരിശോധന നടക്കുമ്പോൾ ഓഫീസിലുണ്ടായിരുന്നത്. 24 മണിക്കൂറിനകം ചെക്‌പോസ്റ്റിൽ നിന്ന് 2,50,250 രൂപ സർക്കാരിന് വരുമാനം ലഭിച്ചപ്പോൾ രാത്രിയിൽ മാത്രം ഉദ്യോ​ഗസ്ഥർ കൈക്കൂലിയായി കൈപ്പറ്റിയത് 1,71,975 രൂപ. രാത്രിയിലാണ് കൈക്കൂലിയായി പണം കൈപ്പറ്റുന്നത് എന്നാണ് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. 
 
 പാലക്കാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി  സൂപ്രണ്ട് എസ് ഷംസുദീന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ എം പ്രവീൺകുമാർ, ​ഗസറ്റഡ് ഉദ്യോ​ഗസ്ഥനായ അ​ഗളി ഐടിഡിപി അസി.എക്സിക്യൂട്ടീവ് എൻജിനിയർ കെ എ ബാബു, വിഎസിബി ഉദ്യോ​ഗസ്ഥരായ സബ് ഇൻസ്പെക്ടർ ബി സുരേന്ദ്രൻ, എഎസ്ഐമാരായ മനോജ്കുമാർ, മുഹമ്മദ് സലീം, സീനിയർ സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥരായ സലേഷ്, രമേഷ്, സിപിഒമാരായ പ്രമോദ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top