കോട്ടയം
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള തെളിവെടുപ്പിന് കോട്ടയത്തെത്തിയ കെപിസിസി ഉപസമിതി സിറ്റിങ് ഘടകകക്ഷികൾ ബഹിഷ്‌കരിച്ചു. കേരള കോൺഗ്രസ് (ജോസഫ്), മുസ്ലിംലീഗ് അടക്കമുള്ളവർ ചൊവ്വാഴ്‌ചത്തെ തെളിവെടുപ്പിൽനിന്നും വിട്ടുനിന്നു.
ഘടകകക്ഷികളെ കോൺഗ്രസ് വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് ഇരുപാർടികളുടെയും നിലപാട്. ആദ്യദിന സിറ്റിങ്ങിൽ കെപിസിസി നേതൃത്വം പരസ്യമായി ആക്ഷേപിച്ചെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും ജില്ലാ യുഡിഎഫ് ചെയർമാനുമായ സജി മഞ്ഞക്കടമ്പൻ പറഞ്ഞു. കേരള കോൺഗ്രസ് എമ്മിനെ ഒപ്പംനിർത്താത്തതാണ് ജില്ലയിലെ തിരിച്ചടിക്ക് കാരണമെന്ന കോൺഗ്രസ് നിലപാടാണ് ഇവരെ ചൊടിപ്പിച്ചത്. 93 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 21 സീറ്റിലാണ് ജയിച്ചത്. പത്ത് സീറ്റിൽ മത്സരിച്ച തങ്ങൾ രണ്ട് സീറ്റ് നേടി. അതിലൊന്ന് ജില്ലയിലാണ്. എന്നിട്ടും തങ്ങളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന് ജോസഫ് വിഭാഗം പറയുന്നു. ഡിസിസിയുടെ പിടിപ്പുകേടാണ് കനത്ത പരാജയം ക്ഷണിച്ചുവരുത്തിയത്. പി ജെ ജോസഫിന്റെ അനുമതിയോടെയാണ് ബഹിഷ്‌കരണമെന്നും മഞ്ഞക്കടമ്പൻ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ഭാരവാഹികളിൽ നിന്നുള്ള വിവരങ്ങളാണ് വി സി കബീർ, പുനലൂർ മധു, ഖാദർ മങ്ങാട്ട് എന്നിവരുടെ ഉപസമിതി പ്രധാനമായും ശേഖരിച്ചത്. ഘടകകക്ഷി നേതാക്കൾക്കും അഭിപ്രായം സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. ജില്ലയിലെ സംഘടനാ സംവിധാനങ്ങളിൽ സമൂലമായ പൊളിച്ചെഴുത്ത് വേണമെന്ന് ബ്ലോക്ക് പ്രസിഡന്റുമാരും ഭാരവാഹികളും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..