മംഗളൂരു
കര്‍ണാടകയിൽ യെദ്യൂരപ്പയുടെ കണ്ണീരിൽ ബിജെപി ഒലിച്ചുപോകുമെന്ന ലിംഗായത്ത് സമുദായത്തിന്റെ ഭീഷണിക്കു കീഴടങ്ങി ബിജെപി ദേശീയ നേതൃത്വം. സ്ഥാനമൊഴിയാൻ മുന്നോട്ടുവച്ച ഉപാധികൾ നിരസിച്ചതോടെ സമുദായ സ്വാമിമാരെ മുന്നിലിറക്കി കളിച്ച യെദ്യൂരപ്പയ്ക്ക് മുന്നിൽ മോഡി–-ഷാ കൂട്ടുകെട്ട് മുട്ടുമടക്കുകയായിരുന്നു. കടുത്ത അഴിമതി ആരോപണങ്ങളും മകൻ വിജയേന്ദ്ര സംസ്ഥാന ഭരണം നിയന്ത്രിക്കുന്നതിലും അതൃപ്‌തരായ മറുപക്ഷം കലാപക്കൊടി ഉയർത്തിയതോടെയാണ് യെദ്യൂരപ്പയുടെ കസേര തെറിച്ചത്. എന്നാൽ, അടുത്ത അനുയായിയായ ബസവരാജ ബൊമ്മെ മുഖ്യമന്ത്രിയായതോടെ ഭരണത്തിന്റെ നിയന്ത്രണം വീണ്ടും യെദ്യൂരപ്പയുടെ കൈയിലും അതുവഴി മകനിലുംതന്നെ നിലനിൽക്കും. യെദ്യൂരപ്പയാണ് തങ്ങളുടെ നേതാവെന്നും അത് അങ്ങനെ തുടരുമെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
രാജി പ്രഖ്യാപനത്തിനിടെ തിങ്കളാഴ്‌ച പലവട്ടമാണ് മാധ്യമങ്ങൾക്കു മുമ്പിൽ യെദ്യൂരപ്പ വിതുമ്പിയത്. യെദ്യൂരപ്പയെ സ്ഥാനഭ്രഷ്ടനാക്കി ബിജെപി ലിംഗായത്ത് സമുദായത്തിനോട് നടത്തിയ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി ബലെഹൊസൂരു ലിംഗായത്ത് മഠ സ്വാമി ദിംഗലേശ്വര രംഗത്തെത്തി. യെദ്യൂരപ്പയുടെ കണ്ണീരിൽ കർണാടകയിലെ ബിജപി ഒലിച്ചുപോകുമെന്നും സ്വാമി പറഞ്ഞു. ലിംഗായത്ത് സമുദായ നേതാക്കൾ സമ്മര്‍ദം ശക്തമാക്കിയതോടെ കേന്ദ്രനേതൃത്വത്തിന് മറ്റു വഴിയില്ലെന്നായി.
ദേശീയ നേതൃത്വം അയച്ച അരുൺ സിങ്, സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർകട്ടീൽ തുടങ്ങിയവർ ചൊവ്വാഴ്‌ച രാവിലെ യെദ്യൂരപ്പയുടെ വസതിയിലെത്തി ചർച്ച നടത്തി. ലിംഗായത്തുകളെ പിണക്കുന്നത് ബിജെപിയുടെ അടിത്തറയിളക്കുമെന്ന് കേന്ദ്രസംഘം നേതൃത്വത്തെ അറിയിച്ചു. രണ്ടു വർഷത്തിനിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പരീക്ഷണത്തിനും നേതൃത്വം തയ്യാറായില്ല. ഇതിനിടെ യെദ്യൂരപ്പയുടെ രാജി സഹിക്കാനാകാതെ ചാമരാജനഗറിൽ ഒരു ബിജെപി പ്രവർത്തകൻ ആത്മഹത്യചെയ്‌തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..