തിരുവനന്തപുരം
വ്യാപാരികളുടെയടക്കം വായ്‌പ ഉൾപ്പെടെയുള്ള പ്രശ്‌നം ചർച്ചചെയ്യാൻ ബാങ്കുകളുടെ യോഗം വിളിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. മൊറട്ടോറിയമടക്കം ചർച്ചചെയ്യും. കോവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിതലത്തിൽ പ്രവർത്തനം നടക്കുന്നു. മൊറട്ടോറിയത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാകില്ല. കേന്ദ്ര സർക്കാരും റിസർവ് ബാങ്കുമാണ് തീരുമാനിക്കേണ്ടത്. പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും പലതവണ കത്തെഴുതി. പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയെ താനും കണ്ട് പ്രശ്‌നം ബോധിപ്പിച്ചു. എന്നിട്ടും തീരുമാനമായില്ല. ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നികുതിയുമായി ബന്ധപ്പെട്ട നടപടി നിർത്തിവയ്‌ക്കാനാകില്ല. എന്നാൽ, പല ആശ്വാസനടപടിയും സ്വീകരിക്കുന്നു. നികുതി അടയ്‌ക്കാനുള്ള കാലാവധി ദീർഘിപ്പിക്കുന്നു. റിട്ടേൺ സമർപ്പിക്കുന്നതിലും ഇളവ് നൽകുന്നു. നോട്ടീസ് അയക്കുമെങ്കിലും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയുണ്ടാകില്ല. ജിഎസ്ടി റിട്ടേൺ, നികുതി കാര്യത്തിൽ പരാതി ജിഎസ്ടി കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തും.
സാമ്പത്തിക പരിമിതികൾക്കുള്ളിൽ സംസ്ഥാനം ആശ്വാസപദ്ധതികളും സാമ്പത്തിക ഉത്തേജന നടപടിയും സ്വീകരിക്കുന്നു. ഇതിനൊപ്പം ഖജനാവ് ഉപയോഗിച്ച് സംസ്ഥാനത്തെ നിയന്ത്രിക്കുന്ന കേന്ദ്രത്തിന്റെ പുതിയ അധികാരകേന്ദ്രീകരണ നടപടിയെയും പ്രതിരോധിക്കേണ്ട സ്ഥിതിയാണ്. കേരളത്തിന് നികുതി വിഹിതം കുറയ്‌ക്കുന്നു. കേന്ദ്ര സെസിൽനിന്നുള്ള വിഹിതവുമില്ല. ജിഎസ്‌ടി നഷ്ടപരിഹാരം 3107 കോടി കിട്ടാനുണ്ട്. കോവിഡിൽ, തനത് സംസ്ഥാന നികുതി വരുമാനം കുറയുന്നു. 2019–-20ൽ 11,826 കോടിയായിരുന്നത് കഴിഞ്ഞവർഷം 4929 കോടിയായി. ഈ പ്രതിസന്ധിക്കിടയിലും ജനക്ഷേമത്തിനാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..