കോഴിക്കോട്
മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ലേബർ സൊസൈറ്റി ബിജെപിക്ക് ‘വിറ്റതായി ’പരാതി. പെരുമുഖം ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് ബിജെപിക്ക് കൈമാറിയത്. ഫറോക്ക് നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ലീഗിന് വോട്ട് മറിച്ചതിനുള്ള പ്രത്യുപകാരമായിട്ടായിരുന്നു ഇത്. നേതൃതലത്തിൽ ലക്ഷങ്ങൾ കൈമാറിയതായും ആരോപണമുണ്ട്. ഇതിനെതിരെ ലീഗ് ജില്ലാ നേതൃത്വത്തിനടക്കം പ്രവർത്തകർ പരാതി നൽകി. സംഘത്തിന്റെ പ്രവർത്തനം അന്വേഷിക്കാനാവശ്യപ്പെട്ട് കരുവൻതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ബജീറ ജില്ലാ സഹകരണ ജോ. രജിസ്‌ട്രാർക്കും പരാതി നൽകി.
ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാലയുടെ നാട്ടിലാണ് ഈ സഹകരണ കച്ചവടം. എട്ടുവർഷമായി ലീഗ് നിയന്ത്രണത്തിലായിരുന്ന ലേബർ സഹകരണ സംഘം മാർച്ചിലാണ് ബിജെപി സ്വന്തമാക്കിയത്. ലീഗ് നേതാവ് എ അബ്ദുൾ റഹീം പ്രസിഡന്റായിരുന്ന സംഘമാണിത്. തെരഞ്ഞെടുപ്പ് നടത്താതെ, നേരത്തെ സംഘം അഡ്‌മിനിസ്‌ട്രേറ്റീവ് നിയന്ത്രണത്തിലാക്കി. തുടർന്ന് 50 ബിജെപിക്കാരെ അംഗങ്ങളാക്കി.
മാർച്ച് 16ന് നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് വോട്ടുകളും നേടി മുൻ കൗൺസിലറായിരുന്ന ബിജെപി നേതാവ് പി ഷാജിത് പ്രസിഡന്റായി. ഇതിലും ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി ജില്ലാ–-സംസ്ഥാന നേതൃത്വത്തെ സമീപിച്ചെങ്കിലും പ്രതികരിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..