തൊടുപുഴ > വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സഫിയ ബഷീർ സിപിഐ എമ്മിനൊപ്പം. മുസ്ലിംലീഗ് നേതൃത്വം കാലങ്ങളായി പിന്തുടരുന്ന ജനാധിപത്യവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് സഫിയ ബഷീർ സിപിഐ എമ്മിലേക്ക് എത്തിയത്. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സഫിയ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയാണ് സിപിഐ എമ്മിനൊപ്പം ചേർന്നത്.
നിലവിൽ ആലക്കോട് സഹകരണ ബാങ്ക് ഭരണസമിതിയംഗമാണ് സഫിയ ബഷീർ. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതേതര സ്വഭാവമുള്ള സിപിഐ എമ്മിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ജില്ലയിൽനിന്ന് എത്തുമെന്ന് സഫിയ ബഷീർ പറഞ്ഞു. സിപിഐ എം ചാലംകോട് ബ്രാഞ്ച് ഓഫീസിൽവച്ച് ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി സഫിയ ബഷീറിനെ രക്തഹാരമണിയിച്ച് സ്വീകരിച്ചു.
സിപിഐ എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ഏരിയ കമ്മിറ്റിയംഗം കെ പി ഷംസുദ്ദീൻ, ഇടവെട്ടി ലോക്കൽ സെക്രട്ടറി ടി ബി സുബൈർ, ലോക്കൽ കമ്മിറ്റിയംഗം സി ജെ ചാക്കോ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..