തിരുവനന്തപുരം > സര്‍വ്വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് 24.05.1999-ലെ ഗവർമെൻറ് ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ആശ്രിത നിയമനം അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരന്‍ ജോലി ചെയ്തിരുന്ന വകുപ്പിലെ ക്ലാസ് III, ക്ലാസ് IV തസ്തികകളില്‍ നിലവിലുള്ളതോ അടുത്തുണ്ടാകുന്നതോ ആയ ഒഴിവിലേക്ക് ആശ്രിതന് നിയമനം നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇതിനുപുറമേ, എല്ലാ വകുപ്പുകളിലും ഓരോ വര്‍ഷവുമുണ്ടാകുന്ന 5 ശതമാനം ഒഴിവുകള്‍ ആശ്രിത നിയമനം നടത്തുന്നതിനായി പൊതുഭരണ (കംപാഷണേറ്റ് എംപ്ലോയ്‌മെന്റ് സെല്‍) വകുപ്പില്‍ അതതു വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. മാതൃവകുപ്പില്‍ ഒഴിവില്ലാതെ വരുമ്പോഴോ അപേക്ഷകന്‍ മറ്റു വകുപ്പുകളിലെ തസ്തികയില്‍ നിയമനം ആവശ്യപ്പെടുമ്പോഴോ നിയമനം നല്‍കുന്നതിനാണ് ഇപ്രകാരം തസ്തികകള്‍ നീക്കിവയ്ക്കുന്നത്. 24.05.1999 ലെ സര്‍ക്കാര്‍ ഉത്തരവിലെ ഖണ്ഡിക 30 ലെ നിയമനത്തിനു പുറമെയാണ് ഇപ്രകാരം 5 ശതമാനം നിയമനങ്ങള്‍ നടത്തിവന്നിരുന്നത്.
ആഭ്യന്തരവകുപ്പില്‍ മുന്‍കാലത്ത് ആശ്രിത നിയമന പദ്ധതിയില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ ജീവനക്കാര്‍ അവരുടെ സര്‍വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ 29.06.2018-ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഓരോ വകുപ്പിലും ഓരോ വര്‍ഷവും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 5 ശതമാനം മാത്രമേ ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കാവൂ എന്ന് ഉത്തരവായിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഈ ഉത്തരവ് ശരിവച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് മാതൃവകുപ്പുകളില്‍ നടത്തുന്ന നിയമനങ്ങള്‍ ഉള്‍പ്പെടെ ആകെ ആശ്രിത നിയമനം ഓരോ വര്‍ഷവും ഓരോ വകുപ്പിലും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 5 ശതമാനത്തില്‍ നിജപ്പെടുത്തുന്ന സ്ഥിതിയുണ്ടായി.
ഹൈക്കോടതി ഉത്തരവ് 24.05.1999-ലെ ഉത്തരവിലെ ഖണ്ഡിക 30 ലെ വ്യവസ്ഥയ്ക്ക് വിരുദ്ധമായതിനാല്‍ വിധിന്യായം പുനഃപരിശോധിക്കാന്‍ സംസ്ഥാന പോലീസ്, റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ പൊതു തസ്തികകളില്‍ ആശ്രിതനിയമനം ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നുണ്ട്. ഇക്കാര്യം കണക്കിലെടുത്ത്, പൊതു തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് യോഗ്യത അനുസരിച്ച് സാങ്കേതിക തസ്തികകളില്‍ ഉള്‍പ്പെടെ അര്‍ഹമായ മറ്റ് തസ്തികകളിലേക്ക് തസ്തിക മാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആശ്രിത നിയമനത്തിന്റെ ക്വാട്ട വര്‍ദ്ധിപ്പിക്കുന്നതില്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് എതിര്‍പ്പുണ്ട്. ആശ്രിത നിയമനത്തിന്റെ ക്വാട്ട വര്‍ദ്ധിപ്പിക്കുന്നത് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ തൊഴില്‍ സാധ്യത കുറയ്ക്കുമെന്ന കാര്യം അവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മാത്രമേ ഈ പ്രശ്‌നത്തെ കാണാനാകൂ എന്ന കാര്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.
പൊതുഭരണ (കംപാഷണേറ്റ് എംപ്ലോയ്‌മെന്റ് സെല്‍) വകുപ്പ് അദാലത്തുകള്‍ നടത്തി ഉദ്യോഗാര്‍ത്ഥികളുടെ സമ്മതപത്രം വാങ്ങി ഒഴിവുകള്‍ ലഭ്യമായ മറ്റു വകുപ്പുകളില്‍ നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..