കൊല്ലം > ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബി ബി ഗോപകുമാറിനെ തെറിപ്പിക്കാനുള്ള കരുക്കളുമായി മൂവർ സംഘം. ജില്ലാ സെക്രട്ടറി ജിതിൻദേവ്, ട്രഷറർ മന്ദിരം ശ്രീനാഥ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്‌ണു പട്ടത്താനം എന്നിവരാണ് പുതിയ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. വോട്ടുകച്ചവടം, കുഴൽപ്പണം, ക്വട്ടേഷൻ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റിമറിച്ച് എം ടി രമേശ് പക്ഷം ജില്ലയിൽ പിടിമുറുക്കുന്നത്. കെ സുരേന്ദ്രനൊപ്പമാണ് ഗോപകുമാർ.
പുതിയ നീക്കത്തിന്റെ ഭാഗമായി പല സ്ഥലത്തും ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചു. പത്തനാപുരത്തായിരുന്നു ആരംഭം. പിന്നീട് ആലപ്പാട്, ശാസ്‌താംകോട്ട, ചാത്തന്നുർ, കുണ്ടറ എന്നിവിടങ്ങളിലും യോഗം നടന്നു. ഇതിനിടെ ക്വട്ടേഷൻ, കള്ളപ്പണം ഇടപാടുകളിൽനിന്ന് ബിജെപിയെ രക്ഷിക്കണമെന്ന് ഊമക്കത്തുകളും പ്രചരിക്കുന്നു. യുവമോർച്ച ക്രിമിനലുകളുടെയും തട്ടിപ്പുകാരുടെയും താവളമായതിനെതിരെയും സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചെങ്കിലും നടപടിയുണ്ടായില്ല.
സുരേന്ദ്രനൊപ്പം നേരത്തെ നിലയുറപ്പിച്ചിരുന്ന മുതിർന്ന നേതാക്കളായ എം സുനിൽ, ജി ഗോപകുമാർ, വിനോദ് എന്നിവരും പുതിയ സാഹചര്യത്തിൽ കൂറുമാറി രമേശിനൊപ്പമാണ്. ഇവർക്കും പ്രസിഡന്റ് സ്ഥാനത്തിൽ കണ്ണുണ്ടെങ്കിലും യുവനിര എന്ന വിശേഷണത്തോടെ എത്തിയ മൂവർസംഘം ഭീഷണിയായി. ഇവരുടെ നീക്കങ്ങൾ പാർടിയെ വെട്ടിലാക്കുന്നതായി ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിനു പരാതി നൽകി. യുവമോർച്ച ജില്ലാ കമ്മിറ്റിഅംഗം പ്രശാന്ത് കിളികൊല്ലൂരിനെ ശനിയാഴ്‌ച പുറത്താക്കി. വിഷ്‌ണു പട്ടത്താനത്തിന്റെ വിശ്വസ്‌തനാണ് ബൈക്ക് കത്തിച്ച കേസിൽ പ്രതിയായ പ്രശാന്ത്. കെ സുരേന്ദ്രൻ പങ്കെടുത്ത് കഴിഞ്ഞയാഴ്‌ച ചേർന്ന ബിജെപി ജില്ലാകമ്മിറ്റി യോഗത്തിൽ സംഘടനാചർച്ച വിലക്കിയിരുന്നു. വോട്ടുകച്ചവടവും ചാത്തന്നൂർ മണ്ഡലത്തിലെ ഫണ്ട് വിവാദവും ഉയർന്നുവരുന്നത് ഒഴിവാക്കാനാണ് ചർച്ചയ്‌ക്കു തടയിട്ടത്. ഒരുവിഭാഗം അന്ന് യോഗം ബഹിഷ്‌കരിച്ചു.
പി സി വിഷ്‌ണുനാഥ് എംഎൽഎയുമായി ബിജെപി തെരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ധാരണ കുണ്ടറയിൽ തുടരുന്നത് പ്രവർത്തനം അവതാളത്തിലാക്കുന്നെന്ന അഭിപ്രായവും ശക്തിപ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..