25 July Sunday

ലോക്‌ഡൗണ്‍ ലംഘിച്ചവര്‍ക്കും യുവാവിനെ മര്‍ദിച്ചവര്‍ക്കുമെതിരെ നടപടി വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

പാലക്കാട് > ലോക്ഡൗണ്‍ ലംഘിച്ച് പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ കയറിയിരുന്ന ആലത്തൂര്‍ എംപി രമ്യ ഹരിദാസിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെയും, ഭക്ഷണം കഴിക്കാന്‍ അനുവദിച്ച ഹോട്ടലിനെതിരെയും നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍. കോണ്‍ഗ്രസ് നേതാക്കളുടെ നിയമലംഘനം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിച്ചവര്‍ക്കുമെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ കോവിഡിന്റെ മൂന്നാം തരംഗ ഭീഷണിയില്‍ ജനങ്ങള്‍ ആശങ്കയോടെ കഴിയുമ്പോഴാണ് ഉത്തരവാദിത്തമില്ലാതെ എംപിയുടെ നേതൃത്വത്തില്‍ ഒരുസംഘമാളുകള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചത്. കേരളത്തില്‍ ഒരു ഹോട്ടലിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. പാര്‍സലിന് മാത്രമാണ് അനുവാദം. ഇത് ലംഘിച്ച് സാമൂഹ്യ അകലംപോലും പാലിക്കാതെ ഭക്ഷണം കഴിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സമുഹത്തിന് മാതൃകയാകേണ്ട ജനപ്രതിനിധി സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ഹോട്ടലില്‍കയിറി ഭക്ഷണം കഴിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ എംപിയുടെ അനുയായി 'നിയാരാ ഗുണ്ടയാണോ' എന്ന് ചേദിച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ യുവാക്കള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടുകയും ചെയ്തു.

കോവിഡിനെ പ്രതിരോധിക്കുന്നതിനാണ് ശനിയും ഞായറും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍ക്കും ഒരു ഇളവും നല്‍കാതെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ജാഗരൂകരായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരം പരസ്യമായ ലംഘനം. ഇത് ജനങ്ങളോടും  സര്‍ക്കാറിനോടുമുള്ള വെല്ലുവിളിയും കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കലുമാണ്. 'നോ ഡൈയ്നിങ്' എന്ന് ഹോട്ടലിന് പുറത്ത് എല്ലാവരും കാണെ ബോഡ് തൂക്കിയിട്ടുണ്ട്. ഇത് കണ്ടിട്ടും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നത്  നിയമലംഘനമാണ്. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് സംഘത്തിന് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയ ഹോട്ടലിനെതിരെ പൊലീസ് നടപടിയെടുക്കണം. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ജനപ്രനിധിതന്നെ പരസ്യമായി നിയമം ലംഘിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷം മെയ് മാസം ആദ്യം വാളയാറില്‍ ഇതരസംസ്ഥാനത്തുനിന്ന് വരുന്നവരെ പാസും രജിസ്ട്രഷനും ഇല്ലാതെ അതിര്‍ത്തി കടത്തിവിടണമെന്ന് ആവശ്യപ്പട്ട് സമരം ചെയ്തത്. കോവിഡ് പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമമായിട്ടാണ് അതിനെ നാട് കണ്ടത്. ഞായറാഴ്ച നടന്നതും  കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സി കെ രാജേന്ദ്രന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top